ദക്ഷിണ കൊറിയക്കാർ നൂറ്റാണ്ടുകളായി അവരുടെ ഭക്ഷണത്തിൽ പട്ടിയിറച്ചി ഉൾപ്പെടുത്തിയിട്ടുണ്ട്. 2022 ഏപ്രിലിലെ കണക്കനുസരിച്ച് 1,100 ഫാമുകളിലായി 5,70,000 നായകളെയാണ് കൊറിയയിൽ വളർത്തുന്നത്. 1,600 റസ്റ്റോറന്റുകളാണ് മാംസം ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷമാണ് ദക്ഷിണ കൊറിയൻ പാർലമെന്റ് പട്ടിയിറച്ചി നിരോധിക്കുന്ന ബിൽ പാസാക്കിയത്. മൃഗസംരക്ഷണത്തോടുള്ള കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉൾക്കൊണ്ടാണ് നീക്കം.
എന്നാൽ, പട്ടിയിറച്ചി വിറ്റ് ജീവിച്ചിരുന്നവർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഇപ്പോൾ. കർഷകർക്ക് 2027 ഫെബ്രുവരി വരെയാണ് സമയം നൽകിയിരിക്കുന്നത്.പട്ടികളെ വിൽക്കാൻ കഴിയാതെ കുടുങ്ങിയിരിക്കുകയാണ് കർഷകർ. പണം തിരിച്ചടയ്ക്കാൻ കഴിയാതെ പലരും കടത്തിൽ മുങ്ങിയിരിക്കുകയാണെന്നും പുതിയ ജോലി കണ്ടെത്താൻ തങ്ങൾക്ക് കഴിയില്ലെന്നും കർഷകർ പറയുന്നു.
കർഷകരിൽ വിൽപനയ്ക്കുള്ള 600 നായകളെ വരെ ഒഴിപ്പിക്കാനാകാതെ പ്രതിസന്ധിയിലായവരുണ്ട്. 18 മാസത്തിനുള്ളിൽ നായകളെ ഒഴിപ്പിച്ചില്ലെങ്കിൽ തടവ് അനുഭവിക്കേണ്ടിവരും. പട്ടിയിറച്ചി നിരോധനം പാസായെങ്കിലും ബാക്കിയുള്ള നായ്ക്കളെ എങ്ങനെ രക്ഷിക്കണമെന്ന കാര്യത്തിൽ സർക്കാരും സംഘടനകളും ഇപ്പോഴും ഉത്തരം നൽകുന്നില്ലെന്നാണ് ആരോപണം.