ഇടുക്കി മെഡിക്കൽ കോളേജിൽ നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്ക്ക് എത്തിയ രോഗി ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം മരിച്ചെന്ന് ആരോപണം. ഡോക്ടറെ കാണുന്നതിനും ഇ.സി.ജി എടുക്കുന്നതിനുമായി പലതവണ സ്റ്റെപ്പുകൾ കയറിയിറങ്ങേണ്ടി വന്നുവെന്നും വീൽചെയർ പോലും നൽകിയില്ലെന്നുമാണ് പരാതി.
കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത പഴയരിക്കണ്ടം സ്വദേശി മേരിയുടെ മരണത്തിലാണ് കുടുംബാംഗങ്ങൾ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയത്.
ശനിയാഴ്ച രാവിലെ മകളോടൊപ്പം ആശുപത്രിയിൽ എത്തിയ മേരി നാലു തവണയോളം ആശുപത്രിയിലെ സ്റ്റെപ്പുകൾ കയറിയിറങ്ങേണ്ടി വന്നുവെന്നാണ് കുടുംബം പറയുന്നത്.. വീൽചെയർ ആവശ്യപ്പെട്ടിട്ടും ഇല്ലെന്ന് അറ്റന്റർമാർ മറുപടി നൽകിയെന്നാണ് ആരോപണം.
ഇസിജിയിൽ ആരോഗ്യ അവസ്ഥ മോശമാണെന്ന് മനസ്സിലായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചപ്പോഴും വീൽചെയറോ സ്ട്രക്ചറോ ലഭിച്ചില്ല. ഒടുവിൽ ആംബുലൻസിലെ സ്ട്രക്ചർ പുറത്തെടുത്ത് രോഗിയെ കൊണ്ടുപോവുകയായിരുന്നുവെന്ന് മേരിയുടെ മകൾ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ ശേഷമാണ് രോഗി മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിലെ ഒന്നാം നിലയിലേക്കും തിരിച്ചും പലതവണ കയറി ഇറങ്ങിയതോടെ രോഗിയുടെ നില മോശമായിരുന്നുവെന്നും ഇതാണ് നയിച്ചത് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിൻറെ ആരോപണം. സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് പരാതി നൽകാനാണ് തീരുമാനം. ആരോപണങ്ങൾ നിഷേധിച്ച ആശുപത്രി അധികൃതർ ആവശ്യത്തിന് വീൽചെയർ ഉണ്ടായിരുന്നുവെന്നും വിശദീകരിച്ചു.












































































