ചീഫ് സെക്രട്ടറി വി.പി. ജോയി ജൂലൈയിൽ വിരമിക്കുമ്പോൾ, നിലവിലെ ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ. വി. വേണു ചീഫ് സെക്രട്ടറിയായേക്കും. വേണുവിനെക്കാൾ സീനിയോറിറ്റിയുള്ള, കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ കേരളത്തിലേക്ക് മടങ്ങാൻ സാധ്യതയില്ല. അടുത്ത വർഷം ജനുവരി വരെ സർവീസുള്ള ഗ്യാനേഷ് കുമാർ കേന്ദ്രസർക്കാരിൽ പാർലമെൻ്ററികാര്യ സെക്രട്ടറിയാണ്. ഭരണപരിഷ്ക്കരണ അഡി. ചീഫ് സെക്രട്ടറി ആശാ തോമസ് ഈ വർഷം ഏപ്രിലിൽ വിരമിക്കും. മൂന്നു വർഷത്തിലധികം സർവീസുള്ള മനോജ് ജോഷി കേന്ദ്രത്തിൽ അർബൻ അഫയേഴ്സ് സെക്രട്ടറിയാണ്. കേന്ദ്ര സഹകരണ വകുപ്പിൽ സെക്രട്ടറിയായ ദേവേന്ദ്രകുമാർ സിങ്ങിൻ്റെ കാലാവധി ഈ വർഷം ജൂണിൽ അവസാനിക്കും.

ധനകാര്യ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിനാണ്
സംസ്ഥാനത്തുള്ള ഉദ്യോഗസ്ഥരിൽ വേണുവിനേക്കാൾ സീനിയോറിറ്റിയുള്ളത്. അടുത്ത വർഷം
നവംബർ വരെ അദ്ദേഹത്തിന് സർവീസുണ്ട്. വേണുവിന് ഓഗസ്റ്റ് വരെയും.വി.പി. ജോയ്
വിരമിച്ചാൽ, കാബിനറ്റ് സെക്രട്ടറിയറ്റ് (കോ ഓർഡിനേഷൻ)
സെക്രട്ടറി അൽകേഷ് കുമാർ ശർമയ്ക്കും ഇന്ത്യ ടൂറിസം സിഎംഡി കമല വർദ്ധന റാവുവിനും
രണ്ടു മാസം ചീഫ് സെക്രട്ടറി പദവി വഹിക്കാനുള്ള അവസരമുണ്ട്. വേണു ഉൾപ്പെടെയുള്ള ഈ
മൂന്ന് ഉദ്യോഗസ്ഥരും 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ്. എന്നാൽ, ഇരുവർക്കും സംസ്ഥാനത്തേക്ക് മടങ്ങാൻ താൽപര്യമില്ലെന്നാണ് വിവരം. 1990 ബാച്ചിലെ
ശാരദ മുരളീധരന് ഇനി രണ്ടു വർഷം സർവീസുണ്ട്.2021 മാർച്ചിലാണ് സംസ്ഥാനത്തെ 47–ാമത് ചീഫ് സെക്രട്ടറിയായി വി.പി. ജോയ് സ്ഥാനമേറ്റത്. കേന്ദ്ര കാബിനറ്റ്
സെക്രട്ടേറിയേറ്റിൽ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള
സെക്രട്ടറിയായിരുന്നു. എറണാകുളം സ്വദേശിയാണ്.