ജയ്പൂർ: രാജസ്ഥാനിൽ ലഹരി ശേഖരവുമായി പാക് ഡ്രോൺ എത്തി. ശ്രീഗംഗാനഗറിലെ ശ്രീകരൺപൂർ സെക്ടറിലായിരുന്നു ഡ്രോൺ എത്തിയത്. ഇവിടെ നിന്നും രണ്ട് കിലോയിലധികം ലഹരി ശേഖരം പിടിച്ചെടുത്തു.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഇന്ത്യ- പാക് അന്താരാഷ്ട്ര അതിർത്തി കടന്നായിരുന്നു ഡ്രോൺ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡ്രോൺ കണ്ടെത്തിയത്.
തകർന്ന നിലയിലായിരുന്നു ഡ്രോൺ. ഇതിന് സമീപത്ത് നിന്നാണ് ലഹരി വസ്തു കണ്ടെടുത്തത്. ഹെറോയിനാണ് ഇതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. 2.2 കിലോ ഹെറോയിനാണ് കണ്ടെടുത്തത്. ഇതിന് 12 കോടി രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീണ്ടും അതിർത്തി കടന്ന് ഡ്രോൺ എത്താനാണ് സാദ്ധ്യത. ഈ സാഹചര്യത്തിൽ അതിർത്തിയിൽ പോലീസ് സുരക്ഷ ശക്തമാക്കി.