മുംബൈ: ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ രേഖകൾ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ആരോപണ വിധേയനായ ബംഗ്ലാദേശി പൗരന് ജാമ്യം നിഷേധിച്ചു കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ഇന്ത്യൻ അധികാരികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ആദായനികുതി രേഖകൾ, ഗ്യാസ്, വൈദ്യുതി കണക്ഷനുകൾ എന്നിവ വ്യാജമായി നേടിയ ബംഗ്ലാദേശി പൗരൻ്റെ ജാമ്യമാണ് കോടതി നിഷേധിച്ചത്. കഴിഞ്ഞ വർഷമാണ് ഇയാൾക്കെതിരെ താനെ പോലീസ് കേസെടുത്തത്.
അയൽരാജ്യമായ പാകിസ്താനിൽ നിന്ന് കുടിയേറിയവരിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയുന്നതിന് തുടക്കത്തിൽ ഒരു 'താൽക്കാലിക' ക്രമീകരണം ഏർപ്പെടുത്തിയിരുന്നത് വിശദീകരിച്ചു കൊണ്ടായിരുന്നു ജഡ്ജിയുടെ വിധിന്യായം. 1955-ൽ പാർലമെന്റ് പ്രാബല്യത്തിൽ കൊണ്ടുവന്ന പൗരത്വ നിയമം ഇന്നും ഇന്ത്യക്കാരുടെ ദേശീയത തീരുമാനിക്കുന്നതിനുള്ള പ്രധാനവും നിയന്ത്രിക്കുന്നതുമായ നിയമമാണെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. നിയമാനുസൃത പൗരന്മാർക്കും നിയമവിരുദ്ധ കുടിയേറ്റക്കാർക്കും ഇടയിൽ ഈ നിയമം വ്യക്തമായ ഒരു അതിർവരമ്പ് സൃഷ്ടിക്കുന്നുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാണിച്ചു.
ഒരാളുടെ ഐഡന്റിറ്റി വ്യാജമാണെന്നോ, ആ വ്യക്തി വിദേശ വംശജനാണെന്നോ ആരോപണം ഉയരുമ്പോൾ ചില തിരിച്ചറിയൽ കാർഡുകൾ കൈവശം ഉണ്ടെന്നത് മാത്രം അടിസ്ഥാനമാക്കി കോടതിക്ക് വിഷയം തീരുമാനിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ബംഗ്ലാദേശി സ്വദേശിയുടെ പൗരത്വത്തിനുള്ള അവകാശവാദം 1955 ലെ പൗരത്വ നിയമത്തിന്റെ നിയമങ്ങൾ പ്രകാരം കർശനമായി പരിശോധിക്കണമെന്നും ജഡ്ജി തന്റെ 12 പേജുള്ള വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിയുടെ വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് ശേഖരിച്ച 'ഡിജിറ്റൽ തെളിവുകളെ'യാണ് പ്രോസിക്യൂഷൻ വളരെയധികം ആശ്രയിക്കുന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. പ്രതിയുടെ സ്വന്തം ജനന സർട്ടിഫിക്കറ്റുകളും അമ്മയുടെ ജനന സർട്ടിഫിക്കറ്റുകളും ഇരുവരും ബംഗ്ലാദേശി പൗരന്മാരാണെന്ന് കാണിക്കുന്നു. അതിർത്തിക്ക് അപ്പുറത്തുള്ള നിരവധി ആശയവിനിമയങ്ങൾ നടന്നിട്ടുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ ഒരു അജ്ഞാത വ്യക്തിയാണ് ഈ 'പരിശോധിച്ചുറപ്പിക്കാത്ത' രേഖകൾ തനിക്ക് അയച്ചതെന്ന പ്രതിയുടെ വിശദീകരണം അംഗീകരിക്കാനും കോടതി വിസമ്മതിച്ചു. ഈ ഘട്ടത്തിൽ രേഖകൾ ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, വിചാരണ ഘട്ടത്തിൽ ഇത് തീരുമാനിക്കുമെന്നും പറഞ്ഞു.
ഈ കേസിലെ ആരോപണങ്ങൾ ചെറുതല്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി ഇത് അനുവാദമില്ലാതെ ഇന്ത്യയിൽ തങ്ങുകയോ വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങുകയോ ചെയ്യുന്നതിനെക്കുറിച്ച് മാത്രമുള്ള വിഷയമല്ലെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യൻ പൗരനാണെന്ന് നടിക്കുന്നതിനായി ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ വ്യാജവുമായ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ച് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിഷയമാണെന്നും ജഡ്ജി അസന്നിഗ്ധമായി ചൂണ്ടിക്കാണിച്ചു.