കോട്ടയം :ജില്ലയിലെ ഈരാറ്റുപേട്ട–വാഗമൺ റോഡിൽ വീണ്ടും റോഡ് ബ്ലോക്ക് ചെയ്ത് യുവാക്കളുടെ ഡാൻസ്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ഏകദേശം 25ഓളം യുവാക്കൾ ബസ് റോഡിന്റെ നടുവിൽ നിർത്തി, ഉച്ചത്തിൽ പാട്ട് വെച്ച് 15 മിനിറ്റോളം റോഡ് ഗതാഗതം തടസ്സപ്പെടുത്തി ഡാൻസ് നടത്തിയത്.
സംഭവത്തെ തുടർന്ന് വാഹന ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഈരാറ്റുപേട്ടയിലേക്കും വാഗമണിലേക്കും പോകുന്ന നിരവധി വാഹനങ്ങളാണ് റോഡിൽ കുടുങ്ങിയത്. അവധി ദിവസങ്ങളിൽ കുടുംബങ്ങളോടൊപ്പം യാത്ര ചെയ്യുന്നവർക്കും ആശുപത്രിയിലേക്ക് പോകുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഈ ഭാഗത്ത് പതിവായിക്കൊണ്ടിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. പോലീസിനെ വിവരം അറിയിച്ചാൽ വാഹനം ഇല്ലെന്നും സ്ഥലം ദൂരെയാണെന്നും പറഞ്ഞ് ഉദ്യോഗസ്ഥർ പലപ്പോഴും സ്ഥലത്തെത്താറില്ലെന്നും അവർ ആരോപിക്കുന്നു.
പ്രതിഷേധിക്കാൻ ശ്രമിച്ചാൽ കയ്യേറ്റം സംഭവിക്കാനുള്ള സാധ്യതയുള്ളതിനാൽ നാട്ടുകാർ ഇടപെടാൻ ഭയപ്പെടുന്ന അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. ഈരാറ്റുപേട്ട–വാഗമൺ റോഡിൽ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.











































































