വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ചരിത്രം കുറിച്ച് ഓസ്ട്രേലിയൻ താരം ടിം ഡേവിഡ്. വെർണർ പാർക്കിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി വെടിക്കെട്ട് സെഞ്ച്വറി നേടിയാണ് ടിം ഡേവിഡ് ഹീറോയായത്. സെഞ്ച്വറി നേടിയ ടിം ഡേവിഡിന്റെ കരുത്തിൽ ഓസ്‌ട്രേലിയ ആവേശകരമായ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
37 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ടിം ഡേവിഡ് തിളങ്ങിയത്. ആറ് ബൗണ്ടറികളും 11 കൂറ്റൻ സിക്സുകളും ആണ് താരം നേടിയത്. ഇതോടെ ഇന്റർ നാഷണൽ ടി20യിൽ ഓസ്‌ട്രേലിയക്കായി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായി മാറാനും ഡേവിഡിന് സാധിച്ചു. ജോഷ് ഇംഗ്ലിസിന്റെ റെക്കോർഡ് തകർത്താണ് ഡേവിഡ് ഈ റെക്കോർഡ് കൈവരിച്ചത്. കഴിഞ്ഞ വർഷം സ്കോട്ട്ലൻഡിനെതിരെ നടന്ന മത്സരത്തിൽ 43 പന്തിൽ സെഞ്ച്വറി നേടിയാണ് ഇംഗ്ലിസ് ഈ നേട്ടം കൈവരിച്ചിരുന്നത്.