മതത്തിന്റെ അന്ധകാരത്തില്‍ നിന്ന് കേരളത്തെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ച ഗുരുദേവൻ്റെ 175 -ാം ജന്മദിനം ഇന്ന്.
ചിങ്ങത്തിലെ ചതയത്തിലാണ് ഗുരുവിൻ്റെ ജനനം.
മതത്തിന്റെ വേലിക്കെട്ടുകള്‍ നീക്കം ചെയ്താല്‍ മാത്രമേ സമത്വത്തിന്റെയും സമഗ്രമായ വികസനത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കാൻ കഴിയൂ എന്ന് ഗുരു വിശ്വസിച്ചു. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ സ്ഥാപനവും ഈ ലക്ഷ്യത്തോടെയായിരുന്നു. അരുവിപ്പുറത്തെ വിഗ്രഹ പ്രതിഷ്ഠയിലൂടെ അവർണർക്ക് അടിസ്ഥാനപരമായ മാനവികതയുടെയും ആത്മബോധത്തിന്റെയും പാഠങ്ങള്‍ പകർന്നേകാനാണ് അദ്ദേഹം ശ്രമിച്ചത്.
ചെമ്ബഴന്തി ഗ്രാമത്തിലെ മാടനാശാന്റെ മകനായ നാണു, പിതാവ് നടത്തിവന്ന പുരാണ പാരായണം ഏറ്റെടുത്തു. ഇതിലൂടെ വിവിധ ഭാഷകളില്‍ പാണ്ഡിത്യം നേടി. 23-ആം വയസ്സില്‍ സ്വന്തം ഗ്രാമത്തിലെ വിദ്യാഭ്യാസം മതിയാകുന്നില്ല എന്ന് നാണുവിന് തോന്നി. തുടർന്ന് രാമൻപിള്ള ആശാനെ പോലുള്ള ഗുരുക്കന്മാരുടെ കീഴില്‍ തർക്കം, വേദാന്തം, വ്യാകരണം തുടങ്ങിയവയില്‍ അദ്ദേഹം പ്രാവീണ്യം നേടി. നവോത്ഥാന ജീവിതത്തില്‍ പലയിടങ്ങളില്‍ നിന്ന് നേടിയെടുത്ത അറിവ് അദ്ദേഹത്തിന്റെ വഴികളെ പ്രകാശപൂരിതമാക്കി.
ശ്രീനാരായണ ഗുരു ദൈവ ദശകത്തിലൂടെ മുന്നോട്ട് വെച്ചത് "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ആശയമാണ്. ഓരോ ജാതിക്കും ഓരോ ദൈവങ്ങളില്ല എന്ന തത്വം അദ്ദേഹം പഠിപ്പിച്ചു. മതത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇരുട്ടില്‍ അകപ്പെട്ടിരുന്ന സമൂഹത്തിലേക്ക് സൂര്യവെളിച്ചം പോലെ ഗുരുവിന്റെ വാക്കുകള്‍ പതിച്ചു. 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു സമൂഹത്തെ ജാതിയുടെ വേലിക്കെട്ടുകളില്‍ നിന്ന് മോചിപ്പിക്കാനാണ് അദ്ദേഹം ദാർശനിക വാക്യങ്ങള്‍ നല്‍കിയത്.
ഗുരു പകർന്നുനല്‍കിയ പുരോഗമനാശയങ്ങള്‍ മുറുകെപ്പിടിച്ചാണ് കേരളം ഇപ്പോഴും മുന്നോട്ട് പോകുന്നത്.
ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നാടെങ്ങും ഇന്ന് ഘോഷയാത്രകളും, ജയന്തി സമ്മേളനങ്ങളും നടക്കും