പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 2019ലെ മിനിറ്റ്‌സ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. സ്വർണം പൂശാനെടുത്ത യോഗ വിവരങ്ങൾ അടക്കമുള്ള കാര്യങ്ങളാണ് പിടിച്ചെടുത്ത മിനിറ്റ്‌സിലുള്ളത്. ദേവസ്വം ബോർഡിന്റെ മിനിറ്റ്‌സ് ബുക് പിടിച്ചെടുക്കാനും അവ സുരക്ഷിതമായി എസ്‌ഐടി കസ്റ്റഡിയിൽ സൂക്ഷിക്കാനും ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. മിനിറ്റ്‌സിന്റെ പകർപ്പ് ഹൈക്കോടതി രജിസ്ട്രിക്ക് കൈമാറണമെന്നും എസ്‌ഐടിക്ക് ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിന് മുൻപ് തന്നെ, കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത ദിവസം മിനിറ്റ്‌സ് പിടിച്ചെടുത്തതായാണ് വിവരം.
അന്വേഷണ ചുമതലയുള്ള എസ്പി ദേവസ്വം ബോർഡിൽ നേരിട്ടെത്തിയായിരുന്നു നീക്കം. സംഭവത്തിൽ കൂടുതൽ രേഖകൾ കിട്ടാനുണ്ടെന്ന നിലപാടിലാണ് എസ്‌ഐടി. അതിനാൽ തന്നെ ഇന്ന് കൂടുതൽ രേഖകൾ അന്വേഷണ സംഘം ആവശ്യപ്പെടും. അതിനിടെ ശബരിമല സ്വർണക്കൊള്ളയിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സംസ്ഥാനത്തിന് പുറത്ത് ഗൂഢാലോചന നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇവർക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ശബരിമലയിലെ സ്വർണപ്പാളികൾ കൈമാറ്റം ചെയ്തതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും എസ്ഐടിയുടെ അന്വേഷണ പരിധിയിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശിൽപ പാളികളും താങ്ങുപീഠവും കൈമാറാൻ പിഎസ് പ്രശാന്ത് നിർദേശം നൽകിയതായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.












































































