ജൂലൈ 29 അന്താരാഷ്ട്ര കടുവ ദിനമായി ആചരിക്കുന്നു. കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിന് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും പിന്തുണ ഉയർത്തുകയും ആഗോള സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിവസിന്റെ ലക്ഷ്യം. പതിമൂന്ന് രാജ്യങ്ങൾ ഒത്തുചേർന്ന സെന്റ് പീറ്റേഴ്സ്ബർഗ് കടുവ ഉച്ചകോടിയിലാണ് ആദ്യമായി അന്താരാഷ്ട്ര കടുവ ദിനം തുടക്കം കുറിക്കുന്നത്. പന്തേര ടൈഗ്രിസ് കുടുംബത്തിലെ അംഗമാണ് കടുവകൾ. ഈ കുടുംബത്തിലെ ഏറ്റവും ശക്തിയേറിയവരാണ് ഇവർ.
ഇന്ത്യ, മലേഷ്യ, നേപ്പാൾ, വിയറ്റ്നാം, ബംഗ്ലാദേശ്, റഷ്യ, ചൈന, ഇൻഡോനേഷ്യ, മ്യാന്മർ, ഭൂട്ടാൻ, കംബോഡിയ, ലാവോസ്, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിലാണ് കടുവകൾ അധിവസിക്കുന്ന കാടുകൾ ഉള്ളത്. ഇതിൽ ഇന്ത്യയിലേയും ബംഗ്ലാദേശിലേയും ദേശിയ മൃഗമാണ് കടുവ അഥവാ പന്തേര ടൈഗ്രിസ്. ദക്ഷിണ കൊറിയയിൽ സൈബീരിയൻ കടുവയും, മലേഷ്യയിൽ മലയൻ കടുവയുമാണ് (പന്തേര ടൈഗ്രിസ് ജാക്സോണി) ദേശീയ മൃഗങ്ങൾ. 12 വർഷമാണ് ഇവരുടെ ആയുർ ദൈർഘ്യം. മലയൻ കടുവ, സുമാത്രൻ കടുവ, പേർഷ്യൻ കടുവ, സൈബീരിയൻ കടുവ, ബംഗാൾ കടുവ, ബാലിയൻ കടുവ, ഇൻഡോ ചൈനീസ് കടുവ തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ.