നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രസര്‍ക്കാര്‍. അത്തരം ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വൃത്തങ്ങള്‍ വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമനിലുള്ള സുവിശേഷകന്‍ കെ എ പോള്‍ അവകാശപ്പെട്ടിരുന്നു. കേസില്‍ കൂടുതല്‍ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. അവകാശവാദം വ്യാജമെന്ന് യമനില്‍ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സാമുവല്‍ ജെറോമും പറഞ്ഞിരുന്നു.
ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നത്.
മറ്റ് റിപ്പോര്‍ട്ടുകളും ഇതിനോടൊപ്പം പുറത്തുവന്നിരുന്നു. യെമനിലെ സനയില്‍ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. നിമിഷപ്രിയയുടെ അമ്മയുള്‍പ്പടെ ഉള്ളവര്‍ക്ക് നന്ദി അറിയിച്ചാണ് വീഡിയോ പുറത്തുവിട്ടത്.
അതേസമയം, നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരനും രംഗത്തെത്തിയിരുന്നു. നിമിഷപ്രിയ ഉടന്‍ മോചിതയാകുമെന്ന പ്രചരണം തലാലിന്റെ സഹോദരന്‍ നിഷേധിച്ചു.
മോചനമല്ല, വധശിക്ഷ ഉടന്‍ നടപ്പാകുകയാണ് ഉണ്ടാവുക എന്നും പോസ്റ്റില്‍ പറഞ്ഞു. ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും, അവസാന നിമിഷം വിവിധ ഇടപെടലുകള്‍ മൂലം ശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു.