തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കണക്ക് കൂട്ടലിലേക്ക് രാഷ്ട്രീയ പാർട്ടികള്‍ കടന്നിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ സംവരണ മണ്ഡലമായ ആറ്റിങ്ങലില്‍ ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്
ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍ , കഴിഞ്ഞ തവണ മുപ്പതിനായിരത്തിലേറെ വോട്ടിന് ഇടത് മുന്നണിയിലെ ഒ.എസ് അംബികയാണ് വിജയം നേടിയത്.
യു ഡി എഫിനായി ആർ.എസ്.പി മത്സരിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയത് ബി ജെ പി യാണ് .
ഇക്കുറി ഒഎസ് അംബികയോ മുൻ എം.എല്‍എ ബി സത്യനോ മത്സര രംഗത്തിറങ്ങാൻ സാധ്യതയുണ്ട്.
യുഡി എഫിലാകട്ടെ ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട് .
മുൻ എം പി രമ്യാ ഹരിദാസിനെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ താല്പര്യം .
മുതിർന്ന നേതാവ് പന്തളം സുധാകരൻ്റെ പേരും കേള്‍ക്കുന്നു .
എം പി മാർക്ക് ഹൈക്കമാൻഡ് മത്സരിക്കാൻ അനുമതി നല്‍കിയാല്‍ കൊടിക്കുന്നില്‍ സുരേഷിനെ രംഗത്തിറക്കണമെന്നാണ് ചില മുതിർന്ന നേതാക്കളുടെ താല്പര്യം .
എന്നാല്‍ സീറ്റ് സംബന്ധിച്ച് ആർ.എസ്.പിയും കോണ്‍ഗ്രസും തമ്മില്‍ ഇതുവരെ ആശയ വിനിമയം നടന്നിട്ടില്ല .
അതേസമയം ബി ജെ പി യാകട്ടെ കഴിഞ്ഞ തവണ രണ്ടാമത് എത്തിയതിൻ്റെ ബലത്തില്‍ ഇക്കുറി മണ്ഡലം പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ്.
മാത്രമല്ല ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാർത്ഥി വി മുരളീധരൻ ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ ലീഡ് ചെയ്തതും ബി ജെ പിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മത്സരിച്ച പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. പി. സുധീർ തന്നെ ഇത്തവണയും സ്ഥാനാർത്ഥിയാകുന്നതിനാണ് സാധ്യത.















































































