പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലിരുന്ന പൊലീസുകാരൻ മരിച്ചു. തിരുവല്ല സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ മനോജ് കുമാർ (46) ആണ് മരിച്ചത്. ചെങ്ങന്നൂർ പുന്തല സ്വദേശിയാണ് മരിച്ച മനോജ് കുമാർ. മുളക്കുഴയില്‍ വച്ച് ഓട്ടോറിക്ഷ ഇടിച്ചു താഴെ വീണ മനോജിന്റെ തലയില്‍ എതിരെ വന്ന ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. മനോജിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം നാളെ രാവിലെ 8 മണി മുതല്‍ 10 മണി വരെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ പൊതുദർശനത്തിന് വയ്ക്കും. 12 മണിക്ക് വീട്ട് വളപ്പില്‍ സംസ്കാരം നടക്കും.