ചെങ്ങന്നൂര്‍: 30 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
മലപ്പുറം എടക്കര കരുനെച്ചി ഭാഗത്ത് മാപ്പിളത്തൊടി വീട്ടില്‍ അബ്ദുള്‍ റഹ്മാന് (അബ്ദു-52) ആണ് തിരുവല്ലത്ത് നിന്നും വെണ്മണി പോലീസിന്റെ പിടിയിലായത്.
മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശിയായിരുന്ന വിജയകുമാര്‍ എന്നയാളെ തട്ടിക്കൊണ്ടു വന്ന് കൊല്ലകടവിലുള്ള ലോഡ്ജില്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ഇയാള്‍ തൂങ്ങിമരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് 1993ല്‍ വെണ്മണി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആളെ തട്ടിക്കൊണ്ടുപോകല്‍ കേസിലാണ് 30 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.
ഈ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം മലപ്പുറം രാമനാട്ടുകരയിലുള്ള വീടും സ്ഥലവും വിറ്റ് നിലമ്പൂര്‍ എടക്കര ഭാഗത്ത് താമസമാക്കുകയും പിന്നീട് കോടതിയില്‍ ഹാജരാകാതെ വിദേശത്ത് പോയി ഒളിവില്‍ കഴിയുകയുമായിരുന്നു.
നിരവധി തവണ കോടതിയില്‍ ഹാജരാകുന്നതിന് പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് 1997 ല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചു.
വിദേശത്തു നിന്നും എത്തിയ ശേഷം അടുത്ത കാലത്തായി തിരുവന്തപുരം, തിരുവല്ലം, വണ്ടിത്തടം ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഒളിച്ച് താമസിക്കുകയായിരുന്നു.
ദീര്‍ഘനാളത്തെ വെണ്മണി പോലീസിന്റെ കഠിനപരിശ്രമത്തിലൂടെയാണ് പ്രതിയുടെ ഒളിസങ്കേതത്തെക്കുറിച്ച് വിവരം ശേഖരിക്കുവാന്‍ കഴിഞ്ഞത്.
ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നിര്‍ദ്ദേശാനുസരണം വെണ്മണി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ. എ. നസീര്‍, സീനിയര്‍ സിപിഒ മാരായ ഹരി കുമാര്‍, അഭിലാഷ്, അനൂപ് ജി. ഗംഗ എന്നവരാണ് ഇന്നലെ രാത്രി തിരുവല്ലം വണ്ടിത്തടം ഭാഗത്തു നിന്നും പ്രതിയെ സാഹസികമായി പിടികൂടിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. 30 വര്‍ഷമായി വിസ്താരം മുടങ്ങി കിടന്ന കേസില്‍ ഇനി വിസ്താരനടപടികള്‍ ആരംഭിക്കും.