ഐഎസ്‌ആര്‍ഒയുടെ എല്‍വിഎം3-എം6 ബഹിരാകാശത്തെത്തി. ഇന്ന് രാവിലെ 8.55-ന് നടന്ന വിക്ഷേപണത്തിലാണ് അമേരിക്കന്‍ കമ്പനിയുടെ കൂറ്റന്‍ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്. എഎസ്ടി സ്പേസ് മൊബൈല്‍ എന്ന കമ്പനിയുടെ 'ബ്ലൂബേര്‍ഡ് ബ്ലോക്ക്-2' എന്ന കൂറ്റന്‍ ഉപഗ്രഹത്തെയാണ് ബാഹുബലി ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ വിദേശ ഉപഗ്രഹമെന്ന റെക്കോര്‍ഡ് ഇതോടെ ഈ ദൗത്യത്തിന് സ്വന്തമായി. ഏകദേശം 6,100 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തുന്ന ഏറ്റവും വലിയ വാണിജ്യ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളില്‍ ഒന്നാണ്. ഏകദേശം 15 മിനിറ്റ് യാത്രയ്ക്കു ശേഷമാണ് ബ്ലൂബേര്‍ഡ് ബ്ലോക്ക്-2 ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെത്തിയത്.സാധാരണ സ്മാര്‍ട്ട്ഫോണുകളിലേക്ക് നേരിട്ട് ഹൈ-സ്പീഡ് ഉപഗ്രഹ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന ഈ സാങ്കേതികവിദ്യ ആഗോള ഡിജിറ്റല്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ടവറോ കേബിളോ ഇല്ലാതെ, ബഹിരാകാശത്ത് നിന്ന് നേരിട്ട് മൊബൈലില്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കും. അതിനിടെ വിക്ഷേപണ പാതയില്‍ കണ്ടെത്തിയ അവശിഷ്ടങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ വിക്ഷേപണം 90 സെക്കന്‍ഡ് ഐഎസ്‌ആര്‍ഒയുടെ വൈകിപ്പിച്ചിരുന്നു. ചന്ദ്രയാന്‍ ദൗത്യങ്ങളിലൂടെ ലോകശ്രദ്ധ നേടിയ എല്‍വിഎം3 റോക്കറ്റിന്റെ ആറാമത്തെ വിജയകരമായ ദൗത്യമായിരുന്നു ഇത്. ഈ ദൗത്യത്തിന്റെ വിജയം വരുംകാല ഗഗന്‍യാന്‍ ദൗത്യങ്ങള്‍ക്കും മറ്റ് ഭാവി പദ്ധതികള്‍ക്കും ശക്തമായ അടിത്തറയാണ് പാകുന്നത്. ഈ നേട്ടം ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ അഭിമാനകരമായ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. 'ആത്മനിര്‍ഭര്‍ ഭാരത'ത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പുകൂടിയാണ് ഈ പരീക്ഷണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















































































