കേരളത്തിലെ ആനപ്പാറയ്ക്കു മുകളിൽ കയറിയപ്പോഴേ ഈ വാഹനത്തിന്റെ ഓഫ് റോഡ് കരുത്ത് എത്രത്തോളമാണെന്ന് തെളിഞ്ഞതാണ്. ഇപ്പോഴിതാ ഇന്ത്യയുടെ സ്വന്തം ഇടി പരീക്ഷയായ ഭാരത് ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാമിൽ (ഭാരത് എന്‍.സി.എ.പി) ഫൈവ് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയിരിക്കുകയാണ് ഈ വാഹനം.
മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ ഫൈവ് സ്റ്റാർ നേടാൻ ഈ ഇലക്ട്രിക് എസ്.യുവിക്കായി. മുതിർന്നവരുടെ സുരക്ഷയിൽ ഒരു ടാറ്റ മോഡലിന് ഇന്നുവരെ ലഭിച്ച ഏറ്റവും ഉയർന്ന സുരക്ഷാ സ്കോറാണിത്. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 32 പോയിന്റിൽ 32-ഉം നേടിയാണ് ഹാരിയർ ഇവി മികച്ച പ്രകടനം കാഴ്ചവെച്ചത്.
മുന്നില്‍ നിന്നുള്ള ആഘാതത്തിലെ സുരക്ഷയിലും വശങ്ങളില്‍ നിന്നുള്ള ആഘാതം വിലയിരുത്തുന്നതിലും 16 പോയിന്റ് വീതം നേടി. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 30.08 പോയിന്റ് നേടിയ ഹാരിയർ ഡീസൽ പതിപ്പിനെ ഹാരിയർ ഇവി മറികടന്നു. ഹാരിയർ ഇവിയുടെ പ്രധാന എതിരാളിയായ മഹീന്ദ്ര XEV 9e നേടിയ മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 30.08 പോയിന്റ് നേടിയ ഹാരിയർ ഡീസൽ പതിപ്പിനെ ഹാരിയർ ഇവി മറികടന്നു. ഹാരിയർ ഇവിയുടെ പ്രധാന എതിരാളിയായ മഹീന്ദ്ര XEV 9e നേടിയ മുതിർന്ന യാത്രക്കാരുടെ സുരക്ഷ സ്കോറിന് തുല്യമാണ് ഇത് എന്നതും ശ്രദ്ധേയമാണ്.
കുട്ടികളുടെ സുരക്ഷയിലും ഹാരിയർ ഇവിയുടെ പ്രകടനം മികച്ചതായിരുന്നു. 49-ൽ 45 പോയിന്റാണ് നേടിയത്. ഇതും XEV 9e-യുടെ സ്കോറിന് സമാനമാണ്. എന്‍.സി.എ.പി എന്ന സുരക്ഷാ നിരീക്ഷണ ഏജൻസി പരീക്ഷിക്കുന്ന എട്ടാമത്തെ ടാറ്റ പാസഞ്ചർ വാഹനമാണിത്.
സ്റ്റാൻഡേർഡായി ഹാരിയർ ഇവിയിൽ ആറ് എയർബാഗുകൾ (ടോപ്-സ്പെക്ക് മോഡലിൽ ഏഴ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ്, നാല് ചക്രങ്ങൾക്കും ഡിസ്ക് ബ്രേക്കുകൾ എന്നിവ ഉൾപ്പെടുന്നു. ടോപ്-സ്പെക്ക് മോഡലുകളിൽ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (അഡാസ്) ലഭ്യമാണ്. ഇന്ത്യയിലെ സാഹചര്യങ്ങൾക്കായി പ്രത്യേകം ട്യൂൺചെയ്ത അഡാസ് സംവിധാനമാണിത്.
65, 75 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളാണ് ഹാരിയർ ഇവിയിൽ ഉള്ളത്. ഉയർന്ന മോഡലായ റിയർ വീൽ ഡ്രൈവ് 75 കിലോവാട്ട് വേരിയന്റിന് ഒറ്റ ചാർജിൽ 627 കിലോമീറ്ററാണ് റെയ്ഞ്ച്. 480-505 കിലോമീറ്റർ വരെ യഥാർഥ റെയ്ഞ്ച് ലഭിക്കുമെന്നാണ് ടാറ്റ പറയുന്നത്. 7.2 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് 10-100 ശതമാനംചാർജ് ചെയ്യാൻ 10.7 മണിക്കൂർ വേണ്ടിവരും.