ഇന്ത്യയുടെ വ്യാപാര മേഖലയെ അടിമുടി വിറപ്പിച്ച നീക്കമായിരുന്നു അമേരിക്കയുടെ ഇരട്ട താരിഫ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 50 ശതമാനം നികുതി കൊടുക്കണം എന്ന ചട്ടം. റഷ്യയുടെ എണ്ണ വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യയ്‌ക്കെതിരെ നടപടിയെടുത്തത്. ഇക്കാര്യത്തില്‍ അമേരിക്കയില്‍ തന്നെ ഭിന്നാഭിപ്രായം ഉടലെടുത്തിട്ടുമുണ്ട്.
അമേരിക്കയുടെ മുന്നില്‍ മുട്ടുമടക്കേണ്ടതില്ല എന്നാണ് ഇന്ത്യയുടെ തീരുമാനം. എന്നാല്‍ അമേരിക്കയെ പോലുള്ള ലോകോത്തര വിപണിയുമായി കൂടുതല്‍ കാലം പിണങ്ങി നില്‍ക്കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ല. ഒരു ഭാഗത്ത് സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ തന്നെ ഇന്ത്യ മറുഭാഗത്ത് പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നുമുണ്ട്. ഖത്തര്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുമായി വ്യാപാര കരാര്‍ ഒപ്പുവയ്ക്കാനാണ് ഏറ്റവും പുതിയ നീക്കം.
അമേരിക്കയിലേക്കുള്ള വ്യാപാരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ലാഭമായിരുന്നു. കാരണം ഈ വ്യാപാര ഇടപാടില്‍ ഇന്ത്യയ്ക്ക് ആയിരുന്നു മേല്‍ക്കൈ. എന്നാല്‍ ഇരട്ട ചുങ്കം ചുമത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. മാത്രമല്ല, അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ് എന്ന മുന്നറിയിപ്പ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുകയും ചെയ്യുന്നു.
ഈ വേളയില്‍ ഇന്ത്യ കൂടുതല്‍ രാജ്യങ്ങളുമായി സ്വതന്ത്ര്യ വ്യാപാര കരാര്‍ ഒപ്പുവയ്ക്കാനുള്ള ശ്രമത്തിലാണ്. അതുവഴി നികുതി ഇളവുകളോടെ വ്യാപാരം നടത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. കൂടുതല്‍ വിപണികളില്‍ ഇന്ത്യയ്ക്ക് പ്രവേശനം ലഭിക്കും. ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയും ലളിതമാകും. യുഎഇയുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് നേട്ടമായിരുന്നു.
ഒമാനുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവയ്ക്കാന്‍ പോകുകയാണ് ഇന്ത്യ. ചര്‍ച്ചകള്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. വൈകാതെ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. മാത്രമല്ല, യൂറോപ്യന്‍ യൂണിയനുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചയിലാണ്. യൂറോപ്പിന്റെ പ്രതിനിധികള്‍ നിലവില്‍ ഇന്ത്യയിലുണ്ട്. തുടര്‍ ചര്‍ച്ചകള്‍ അടുത്ത മാസം നടക്കുകയും ചെയ്യും.
ഖത്തറുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവയ്ക്കാന്‍ ശ്രമം തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചര്‍ച്ചകളുടെ പരിഗണനാ വിഷയങ്ങള്‍ക്ക് വൈകാതെ അന്തിമ രൂപമാകും. അടുത്ത മാസം ഇക്കാര്യത്തില്‍ ധാരണയാകുമെന്നും തൊട്ടുപിന്നാലെ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ഖത്തറിലേക്ക് തുടര്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി പോകുമെന്നുമാണ് വാര്‍ത്ത.