ന്യൂഡൽഹി: ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വരുമെന്ന പ്രസ്താവനയ്ക്കുപിന്നാലെ വീണ്ടും ഭാഷാവിഷയത്തിൽ അഭിപ്രായവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി എല്ലാ ഇന്ത്യൻ ഭാഷകളുമായും സൗഹൃദത്തിലാണെന്നും രാജ്യത്ത് ഒരു വിദേശഭാഷയ്ക്കുനേരേയും എതിർപ്പുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാന സർക്കാരുകളും മെഡിക്കൽ-എൻജിനീയറിങ് വിദ്യാഭ്യാസം പ്രാദേശികഭാഷയിൽ നൽകുന്നതിന് മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഔദ്യോഗികഭാഷാവകുപ്പ് സുവർണജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകാര്യങ്ങൾ നിർവഹിക്കാൻ ഇന്ത്യൻ ഭാഷകൾ ഉപയോഗിക്കുന്നതിന് കേന്ദ്രം സംസ്ഥാന സർക്കാരുകളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''ഒരു ഇന്ത്യൻ ഭാഷയെയും എതിർക്കാൻ ഹിന്ദിക്ക് കഴിയില്ലെന്ന് ആത്മാർഥമായി വിശ്വസിക്കുന്നു. ഹിന്ദി എല്ലാ ഇന്ത്യൻ ഭാഷകളുടെയും സുഹൃത്താണ്. ഹിന്ദിക്കും മറ്റ് ഇന്ത്യൻ ഭാഷകൾക്കും രാജ്യത്തിന്റെ സംസ്കാരത്തിൽ വലിയ പങ്കുണ്ട്. അടിമത്ത മനോഭാവത്തിൽനിന്ന് എല്ലാവരും മുക്തി നേടണം. സ്വന്തം ഭാഷയിൽ സംസാരിക്കാനും ചിന്തിക്കാനുമുള്ള പ്രേരണയുണ്ടാവണം. രാജ്യത്തെ സംബന്ധിച്ചിടത്തോളം, ഭാഷ ആശയവിനിമയത്തിനുള്ള മാധ്യമം മാത്രമല്ല, അതൊരു രാഷ്ട്രത്തിന്റെ ആത്മാവാണ്. ഭാഷകളെ സജീവമായി നിലനിർത്തുകയും അവയെ സമ്പന്നമാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്'' -അമിത് ഷാ പറഞ്ഞു.