റിസർവേഷൻ ആരംഭിച്ചതിൻ്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ഐആർസിടിസി വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ജനറൽ ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിന് ആധാർ പ്രാമാണീകരണം നിർബന്ധമാക്കും. ദുരുപയോഗം തടയുന്നതിനൊപ്പം യഥാർത്ഥ ഉപയോക്താക്കൾക്ക് റിസർവേഷൻ സംവിധാനത്തിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യൻ റെയിൽവേയുടെ കമ്പ്യൂട്ടറൈസ്ഡ് പിആർഎസ് കൗണ്ടറുകളിൽ ജനറൽ റിസർവ്‌ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലുള്ള രീതി മാറ്റമില്ലാതെ തുടരും.
അംഗീകൃത റെയിൽവേ ടിക്കറ്റിംഗ് ഏജന്റുമാർക്ക് ആദ്യ ദിവസത്തെ റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലെ 10 മിനിറ്റ് നിയന്ത്രണം മാറ്റങ്ങളൊന്നുമില്ലാതെ തുടരും. തത്കാൽ ടിക്കറ്റുകൾക്ക് ആധാർ പ്രാമാണീകരണം നിർബന്ധമാണ്. ജൂലൈ 1 മുതലാണ് തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ആധാർ നിർബന്ധമാക്കിയത്. ബുക്കിംഗിന്റെ ആദ്യ 30 മിനിറ്റിനുള്ളിൽ ഏജൻറുമാർക്ക് ആദ്യ ദിവസത്തെ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയില്ല. എസി ക്ലാസുകൾക്ക് രാവിലെ 10.00 മുതൽ 10.30 വരെയും ജനറൽ ക്ലാസുകൾക്ക് രാവിലെ 11.00 മുതൽ 11.30 വരെയും ഈ പരിധി ബാധകമാണ്.