ബെംഗളൂരു: യാദ്ഗിർ ജില്ലയിലെ ഷഹാപൂർ താലൂക്കിലെ റെസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 17 വയസ്സുള്ള പെൺകുട്ടി ഹോസ്റ്റലിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി. സാമൂഹിക ക്ഷേമ വകുപ്പാണ് റെസിഡൻഷ്യൽ സ്‌കൂൾ നടത്തുന്നത്. സംഭവത്തിന് പിന്നാലെ കർണാടക റെസിഡൻഷ്യൽ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കാന്തരാജു രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു. പെൺകുട്ടിയുടെ ഒൻപതാം ക്ലാസിൽ ഹാജർ 10 ശതമാനം മാത്രമാണെന്നും ക്ലാസ് അധ്യാപകനെന്ന നിലയിൽ അവളുടെ ഹാജർ റിപ്പോർട്ട് ചെയ്യേണ്ടത് അധ്യാപകനായ നരസിംഹ മൂർത്തിയുടെയും, അവളുടെ ശാരീരികാവസ്ഥ പ്രിൻസിപ്പലിനെ അറിയിക്കേണ്ടത് ശ്രീധറിന്റെയും കടമയാണെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നിർമ്മലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, അജ്ഞാതനായ പ്രതി (A1), സ്കൂൾ ഹോസ്റ്റലിലെ വാർഡൻ (A2), സ്കൂൾ പ്രിൻസിപ്പൽ ബസമ്മ (A3), സ്റ്റാഫ് നഴ്സ് ബസമ്മ പാട്ടീൽ (A4), ശരണബസവ്വ എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഗർഭിണിയായ വിവരം അധികൃതരെ അറിയിക്കാത്തതിനാണ് ചിലർക്കെതിരെ കേസെടുത്തത്. ഒന്നാം പ്രതിയെക്കുറിച്ച് പെൺകുട്ടി വിവരം നൽകുന്നില്ല. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗവും യാദ്ഗിർ ജില്ലയുടെ ചുമതലയുള്ളതുമായ ശശിധർ കൊസാംബെ, സാമൂഹ്യക്ഷേമ വകുപ്പിലെ ബന്ധപ്പെട്ടവർക്കെതിരെ കമ്മീഷൻ സ്വമേധയാ കേസുകൾ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞു. പെൺകുട്ടിയെയും മാതാപിതാക്കളെയും കാണാൻ ഉടൻ തന്നെ ഷഹാപൂർ സന്ദർശിക്കുമെന്ന് കൊസാംബെ പറഞ്ഞു.