ഗണേഷ് കുമാറിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കെഎസ്ആര്‍ടിസിയിലും കൂട്ട സ്ഥലംമാറ്റം.
കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍ ജീവനക്കാര്‍ എന്നിവരെ സ്ഥലം മാറ്റിക്കൊണ്ട് സിഎംഡി ബിജു പ്രഭാകറാണ് ഉത്തരവിറക്കിയത്.
മെക്കാനിക്കല്‍ വിഭാഗത്തില്‍ 28 പേര്‍ക്കും കണ്ടക്ടര്‍ വിഭാഗത്തില്‍ 41 പേര്‍ക്കും ഡ്രൈവര്‍ വിഭാഗത്തില്‍ 47 പേര്‍ക്കുമാണ് ട്രാന്‍സ്ഫര്‍ ലഭിച്ചത്. നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചിരുന്നു.
പുതിയ മന്ത്രി വരും മുമ്പേ മോട്ടോര്‍ വാഹന വകുപ്പിലും കൂട്ട സ്ഥലം മാറ്റ ഉത്തരവ് വന്നിരുന്നു. 57 പേര്‍ക്കാണ് സ്ഥലം മാറ്റ ഉത്തരവ് നല്‍കിയിരുന്നത്. ഇതിനൊപ്പം 18 ആര്.ടി.ഒമാര്‍ക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും നല്‍കിയിരുന്നു.
ആന്റണി രാജു രാജിവച്ച് കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്ക്കുന്നതിന് മുമ്പാണ് സ്ഥലം മാറ്റ ഓര്‍ഡര്‍ പുറത്തിറങ്ങിയത്. എന്നാല്‍ മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കുപിന്നാലെ ഉത്തരവ് മരവിപ്പിച്ചിരുന്നു.
മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ അരമണിക്കൂര്‍ മുമ്പാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.
സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മന്ത്രി ഇടപെട്ടു. ഉത്തരവ് തത്കാലം നടപ്പാക്കേണ്ടിതില്ലന്ന് ശനിയാഴ്ച രാവിലെയോടെ നിര്‍ദേശം നല്കി. ഉത്തരവ് പിന്‍വലിച്ചിട്ടില്ല, മരവിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസിയിലും കൂട്ട സ്ഥലംമാറ്റം വരുന്നത്.