ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര കേന്ദ്രത്തിൽ നടന്ന BIMSTEC യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാമിൽ പ്രമുഖ പോലീസ് ഉദ്യോഗസ്ഥനായ പി. വിജയൻ യുവ നേതാക്കളെ അഭിസംബോധന ചെയ്തു. ചടങ്ങിൽ ആത്മീയ ഗുരുവായ ശ്രീ ശ്രീ രവിശങ്കർ മായിവേദി പങ്കിട്ടു. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സി. എസ്. ആർ. രാംൻ്റെസാന്നിധ്യവും പരിപാടിക്ക് ഗൗരവം കൂട്ടി.

ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യുവ നേതാക്കളെ അഭിസംബോധന ചെയ്ത വിജയൻ ഐപിഎസ്, തന്റെ 26 വർഷത്തെ പോലീസ് സേവന ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. "ലോകത്ത് പ്രശ്നങ്ങളെ മാത്രം കാണുന്നവരും, പരിഹാരങ്ങൾ കണ്ടെത്തുന്നവരുമെന്നിങ്ങനെ രണ്ട് വിഭാഗം ആളുകളുണ്ട്. നാം എല്ലായ്പ്പോഴും പരിഹാരങ്ങൾ കണ്ടെത്തുന്നവരുടെ പക്ഷത്ത് നിൽക്കണം" എന്ന സന്ദേശമാണ് അദ്ദേഹം യുവാക്കൾക്ക് നൽകിയത്.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി നിന്നത് സുദർശന ക്രിയയും ധ്യാനപരിശീലനങ്ങളുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യൂണിഫോമിലെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും മനസ്സിനെ ശാന്തവും ഏകാഗ്രവുമായ നിലയിൽ നിലനിർത്താൻ ഇത് സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

"പുറത്ത് മാറ്റം വരുത്താൻ ശ്രമിക്കുന്നതിന് മുൻപ്, ആ മാറ്റം നമ്മുടെ ഉള്ളിൽ തുടങ്ങണം. സമാധാനത്തിന് അതിരുകളില്ല; മനുഷ്യർ വരച്ച അതിരുകൾ നമ്മുടെ ഹൃദയങ്ങളിൽ ഉണ്ടാകരുത്" എന്നും വിജയൻ ഐപിഎസ് അഭിപ്രായപ്പെട്ടു.
യുവനേതാക്കളോട് 'മാറ്റത്തിനായി നാളെ വരെ കാത്തിരിക്കരുത്; നിങ്ങൾ തന്നെയാണ് സമാധാനത്തിന്റെ കാവലാളുകൾ' എന്ന സന്ദേശവും അദ്ദേഹം നൽകി.
പരിപാടി യുവതലമുറയ്ക്ക് ആത്മവിശ്വാസവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുന്ന പ്രചോദനമൂല്യമായ വേദിയായി മാറി.












































































