പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിനുള്ളില്‍ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാകുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. പാക് മിലിട്ടറി എസ്റ്റാബ്ലിഷ്‌മെന്റിന്റെയും 'ഡീപ് സ്റ്റേറ്റിന്റെയും' നേരിട്ടുള്ള നിയന്ത്രണത്തിലുള്ള അഡിയാല ജയിലില്‍ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സല്‍മാൻ സഫ്ദർ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നത്. മാസങ്ങളോളം ചികിത്സ നിഷേധിച്ചതും ഏകാന്ത തടവില്‍ പാർപ്പിച്ചതും ഇമ്രാന്റെ ആരോഗ്യനില അതീവ ഗുരുതരമാക്കിയിരിക്കുകയാണ്.
2025 ഒക്ടോബർ വരെ കൃത്യമായ കാഴ്ചശക്തിയുണ്ടായിരുന്ന ഇമ്രാൻ ഖാന് ജയിലിലെ മോശം സാഹചര്യങ്ങള്‍ മൂലം കാഴ്ച മങ്ങാൻ തുടങ്ങിയിരുന്നു. ഇത് ജയില്‍ അധികൃതരെ പലതവണ അറിയിച്ചെങ്കിലും പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും സമ്മർദ്ദത്തെ തുടർന്ന് ചികിത്സ നല്‍കാൻ അധികൃതർ തയ്യാറായില്ല. ഒടുവില്‍ കാഴ്ച പൂർണ്ണമായും മറഞ്ഞപ്പോഴാണ് ഒരു നേത്രരോഗ വിദഗ്ദ്ധനെ കാണിക്കാൻ അനുമതി നല്‍കിയത്. കണ്ണിനുള്ളില്‍ രക്തം കട്ടപിടിച്ച് ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നും ഇപ്പോള്‍ വെറും 15 ശതമാനം കാഴ്ച മാത്രമേ വലതുകണ്ണിന് അവശേഷിക്കുന്നുള്ളൂ എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജയില്‍ സന്ദർശിച്ച അമിക്കസ് ക്യൂറിയോട് തന്റെ നിസ്സഹായാവസ്ഥ വിവരിക്കുമ്പോള്‍ ഇമ്രാന്റെ കണ്ണുകള്‍ നനഞ്ഞിരുന്നുവെന്നും അദ്ദേഹം ശാരീരികമായി അതീവ തളർച്ചയിലാണെന്നും റിപ്പോർട്ടിലുണ്ട്.
73 വയസ്സുകാരനായ ഇമ്രാൻ ഖാനെ കഴിഞ്ഞ രണ്ട് വർഷവും നാല് മാസവുമായി കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന രീതിയില്‍ ഏകാന്ത തടവിലാണ് പാർപ്പിച്ചിരിക്കുന്നത്.














































































