കൊച്ചി: അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ യുഎൻഎയുടെ (യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ) നേതൃത്വത്തില്‍ നടത്തിവരുന്ന സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി.
നഴ്സുമാരുടെ സമരത്തെതുടർന്ന് ആശുപത്രിയിലെ സേവനങ്ങൾ മുടങ്ങരുതെന്നും എസ്മ (ആവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷൻ നല്‍കിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഇടപെടല്‍.
സർക്കാരും തൊഴില്‍ വകുപ്പും ആശുപത്രികളിലെ സേവനങ്ങൾ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആശുപത്രികളിൽ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ജോലി ചെയ്യാൻ തയാറാകുന്ന നഴ്സുമാരെ യൂണിയൻ അംഗങ്ങൾ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണം. ജോലി ചെയ്യാൻ തയാറുള്ളവർക്ക് അതിനുള്ള സാഹചര്യമൊരുക്കണമെന്നും കോടതി ഉത്തരവിട്ടു.













































































