കുമരകം: നെഹ്രുട്രോഫി വള്ളംകളിക്ക് തൊട്ട് മുൻപുള്ള ഞായറാഴ്ച കുമരകംകാർക്ക് ആവേശം പകർന്ന മുത്തേരിമട ജലോൽസവം ഇന്നു നടക്കും. കുമരകത്ത് നിന്നും നെഹ്രു ട്രോഫി ജലമേളയിൽ പങ്കെടുക്കുന്ന ക്ലബ്ബുകളുടെ ശക്തിപ്രകടനമായാണ് എല്ലാ വർഷവും നെഹ്രു ട്രോഫിക്ക് മുൻപുള്ള ഞായറാഴ്ച മുത്തേരിമടയിൽ നടക്കുന്ന ക്ലബ്ബുകളുടെ പരിശീലനത്തെ കണക്കാക്കുന്നത്. ഇത്തവണയും ആ പതിവ് തെറ്റില്ല. ഇത്തവണ ഇരട്ടി ആവേശമാണ് വള്ളംകളിപ്രേമികൾക്ക്.
മുത്തേരിമടയിലെ ചുണ്ടൻ വള്ളങ്ങളുടെ പരിശീലനത്തോടൊപ്പംചെറുവള്ളങ്ങളുടെ പ്രദർശന മത്സരവും ഉണ്ടാകും. കുമരകത്തിന്റെ വള്ളംകളി ചരിത്രത്തിൽ പ്രഥമസ്ഥാനീയനായ കുമരകം ബോട്ട് ക്ലബിൻ്റെ മുൻ ക്യാപ്റ്റൻ നെല്ലാനിക്കൽ പാപ്പച്ചന്റെ ഓർമ്മക്കായി നടത്തുന്ന രണ്ടാമത് മുത്തേരിമട ജലോത്സവമാണ് ഇന്ന് അരങ്ങേറുക. ഉച്ചക്ക് 2ന് സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ജലോത്സവം ഉത്ഘാടനം ചെയ്യും. കേരള വള്ളംകളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജലോത്സവത്തിൽ കളിവള്ളങ്ങളുടെ മാസ്സ് ഡ്രിൽ, ചുണ്ടൻ വള്ളങ്ങളുടെ പരിശീലനം, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങളുടെ പ്രദർശന മത്സരങ്ങൾ എന്നിവയുണ്ടാകും. കുമരകം ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം, കുമരകം എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ നിരണം, കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ചെറുതന, കുമരകം സമുദ്ര ബോട്ട് ക്ലബിൻ്റെ ആനാരി എന്നീ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കും. ചുണ്ടൻ വള്ളങ്ങൾക്ക് പുറമെ വല്യാട് ഡ്രീം ക്യാച്ചേഴ്സ് ബോട്ട് ക്ലബിൻ്റെ അമ്പലക്കടവൻ (വെപ്പ്), ചെങ്ങളം കൈരളി ബോട്ട് ക്ലബിൻ്റെ മൂന്നുതൈക്കൻ (ഇരുട്ടുകുത്തി) തോട്ടുകടവൻ, പി.ജി. കരിപ്പുഴ (വെപ്പ്.2), കോടിമത, മൂഴി (ചുരുളൻ), ഹനുമാൻ, സെ. ജോസഫ് (ഇരുട്ടുകുത്തി ബി) എന്നീ ചെറുവള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കും.