ഇടുക്കി: അരിക്കൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് വീടുകൾ തകർന്നു. ചിന്നക്കനാൽ 301 കോളനിയിലും,ആനയിറങ്കലിലുമാണ് അരിക്കൊമ്പൻ വീടുകൾ തകർത്തത്. ഇതിനിടെ അരിക്കൊമ്പനെ പിടികൂടാനുള്ള തയ്യാറെടുപ്പുകൾ വനം വകുപ്പ് തുടങ്ങി. പുലർച്ചെ ഒന്നരക്കാണ് 301 കോളനിയിലെ അമ്മിണിയമ്മയുടെ വീട് ആന ആക്രമിച്ചത്. കിടപ്പ് രോഗിയായ അമ്മിണിയമ്മയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അടുക്കളയടക്കം വീടിൻ്റെ ഒരു ഭാഗം അരിക്കൊമ്പൻ തകർത്തു. സമീപവാസികളും വനപാലകരും എത്തിയാണ് ആനയെ തുരത്തിയത്.
