തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നിലപാടിൽ ഉറച്ച് കെ സുധാകരൻ. അനുനയ ശ്രമത്തിന്റെ ഭാഗമായി രമേശ് ചെന്നിത്തല വീണ്ടും ഫോണിൽ വിളിച്ച് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും ന്യൂഡൽഹിയിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സീറ്റ് ഉറപ്പായാൽ മാത്രമേ ഡൽഹിയിലേക്ക് പോകൂ എന്ന നിലപാടിലാണ് സുധാകരൻ.
നിലവിൽ കണ്ണൂരിലെ വീട്ടിലാണ് സുധാകരൻ. വിവിധ ജില്ലകളിൽ നിന്നുള്ള അനുയായികൾ കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രവർത്തകരെ പ്രകോപിപ്പിച്ച് തെരുവിലിറക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായി വിവരം. അതേസമയം രാഹുൽ ഗാന്ധി വിളിച്ച കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലേക്ക് വരാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റൊരുവശത്ത്, ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണെന്നും വി ഡി സതീശൻ പ്രതികരിച്ചു.
സുധാകരനെ അനുകൂലിച്ച് പല സ്ഥലങ്ങളിലും ഫ്ലെക്സുകളും പോസ്റ്ററുകളും ഉയരുന്നുണ്ട്. സതീശന്റെ പറവൂർ ഓഫിസിന് സമീപവും ഇടപ്പള്ളി , ആലുവ , മുവാറ്റുപുഴ എന്നിവിടങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. "വാക്കുകൾ പാലിക്കപ്പെടേണ്ടതാണ്, ചരിത്രം വാക്ക് പാലിച്ചവരുടേതാണ്" എന്ന സന്ദേശത്തോടെയാണ് പോസ്റ്ററുകൾ.
എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന വിലക്കിലാണ് സുധാകരന്റെ അതൃപ്തി. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി ഡൽഹിയിലെത്തിയെങ്കിലും അസന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. കണ്ണൂർ സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് മുമ്പും ഡി.സി.സി ഓഫിസിന് മുന്നിൽ പോസ്റ്ററുകൾ ഉയർന്നിരുന്നു.














































































