ഖത്തറിലെത്തിയ സഹയാത്രകനായിരുന്ന നാട്ടുകാരനെ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ മയക്കു മരുന്നു കടത്തല്‍ കേസില്‍ സംശയാസ്പദമായി പിടിക്കപ്പെട്ടതോടെയാണ് ഇവരുടെ ജീവിതം തകിടം മറിഞ്ഞത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നാട്ടുകാരനെ പിടികൂടിയ വിവരം അവര്‍ അറിഞ്ഞിരുന്നില്ല.
ഏറെ വൈകിയിട്ടും ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഇദ്ദേഹം പുറത്തേക്ക് വരാതായതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് കാര്യം അന്വേഷിച്ചു. ഇതോടെയാണ് കൂട്ടുപ്രതിയാണ് എന്ന സംശയത്താല്‍ കൊല്ലം സ്വദേശിനിയെ പിടികൂടുന്നത്. ഒരു മാസത്തോളം ജയിലില്‍ കഴിയേണ്ടിയും വന്നു. സഹയാത്രികന്‍റെ ലഗേജില്‍ കണ്ടെത്തിയ മരുന്നുകളുമായി ബന്ധപ്പെട്ട് ഇവർ നിരപരാധിയാണ് എന്ന് കോടതിക്ക് ബോധ്യമായതിനാല്‍ പിന്നീട് ജയില്‍ മോചിതയായി.
എന്നാല്‍, ജയില്‍ മോചിതയായതിന് ശേഷം താൻ എവിടെ പോകണമെന്നറിയാതെ ദോഹ ജദീദിലെ മെട്രോ സ്റ്റേഷനില്‍ നിസ്സഹായയായി ഇവര്‍ മറ്റുള്ളവരോട് സഹായം അഭ്യർത്ഥിക്കുന്നത് കണ്ട കോഴിക്കോട് ജില്ലയിലെ കെഎംസിസി പ്രവർത്തകൻ ഷെരീഫ് നിട്ടൂർ കാര്യങ്ങള്‍ അന്വേഷിക്കുകയും ബന്ധപ്പെട്ടവരുമായി വിഷയം പങ്കുവെക്കുകയുമായിരുന്നു. വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കി ഐസിബിഎഫുമായി ബന്ധപ്പെടുകയും ഇന്ത്യൻ എംബസിയുടെ ഷെല്‍റ്ററില്‍ താല്‍ക്കാലിക താമസ സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലഭിക്കുകയും, തിരികെ നാട്ടിലേക്കു പോകുന്നതിനായിട്ട് ആവശ്യമായ യാത്ര രേഖകള്‍ ഏറ്റവും അടുത്ത ദിവസങ്ങളില്‍ എംബസ്സിയുടെ സഹായത്താല്‍ ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോട് കൂടി തിരികെ നാട്ടിലേക്കുള്ള വിമാനത്തില്‍ അവരെ സുരക്ഷിതമായി അയക്കുവാൻ സാധിച്ചു.
ഐസിബിഎഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ നീലാംബരി സുശാന്ത്, മിനി സിബി എന്നിവരുടെ ഈ വിഷയത്തിലെ തക്കസമയത്തെ ഇടപെടലാണ് കൊല്ലം സ്വദേശിനിയെ നാട്ടിലെത്തിക്കാന്‍ സഹായകമായത്. കെഎംസിസി പ്രവർത്തകരായ സുഹൈല്‍ മെഹബൂബ്, ഷെരീഫ് നിട്ടൂർ എന്നിവരും വിഷയത്തില്‍ സമയോചിതമായി ഇടപെടല്‍ നടത്തി.
ചില സ്വാർത്ഥ മനസ്സുള്ള ഇന്ത്യക്കാർ, പ്രത്യേകിച്ച് ചില മലയാളികള്‍, കുറച്ച് ലാഭത്തിനായി അനധികൃത മരുന്നുകള്‍, നിയമവിരുദ്ധ സാധനങ്ങള്‍ എന്നിവ ഖത്തറിലേക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും കൊണ്ടുവരുന്നത് പ്രവാസികളുടെ വിശ്വാസതക്ക് കളങ്കം വരുത്തുന്ന പ്രവണതയാണ് സൃഷ്ട്ടിക്കുന്നത്. ഇവരുടെ രാജ്യദ്രോഹപരമായ പ്രവർത്തനങ്ങള്‍, ഖത്തറിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹം വർഷങ്ങളായി കഠിനാധ്വാനം ചെയ്ത് നിർമ്മിച്ച ധാർമ്മികമൂല്യങ്ങളും സമൂഹികവിശ്വാസവും തകർക്കുകയാണ് ചെയ്യുന്നത്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ മലയാളി സമുദായത്തെയും ഇന്ത്യയെയും നാണംകെടുത്തുന്നതാണ്. നിരപരാധികള്‍ക്കു പോലും അതിന്‍റെ കനത്ത പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സാഹചര്യത്തില്‍, നമുക്ക് നിയമബോധം വളർത്താനും, ജാഗ്രത പാലിക്കാനും, അനീതിക്കെതിരെ ശബ്ദമുയർത്താനും തയ്യാറാകേണ്ടതുണ്ടെന്ന് ഖത്തര്‍ കെഎംസിസി അറിയിച്ചു.












































































