പത്തനംതിട്ട: കോന്നി, ആറന്മുള നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ചര്‍ച്ച ചെയ്യും മുമ്പേ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അഭിപ്രായം പറഞ്ഞതില്‍ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. ആറന്മുളയില്‍ വീണാ ജോര്‍ജും കോന്നിയില്‍ കെ യു ജനീഷ് കുമാറും മത്സരിച്ചേക്കുമെന്ന സൂചന കഴിഞ്ഞദിവസം രാജു എബ്രഹാം നല്‍കിയിരുന്നു.
പാര്‍ട്ടിയുടെ കീഴ്‌വഴക്കത്തിന് വിരുദ്ധമായ നടപടിയാണ് രാജു എബ്രഹാമിന്റേത് എന്നും എല്ലാവരും ഈ നില തുടര്‍ന്നാല്‍ എന്താവും സ്ഥിതി എന്നും പാര്‍ട്ടിക്കകത്ത് അഭിപ്രായം ഉയര്‍ന്നു. വീണാ ജോര്‍ജ് ലോകശ്രദ്ധ നേടിയയാളാണെന്നും ജനീഷ് കുമാറിനെ വേണമെന്ന് കോന്നിയിലെ ജനങ്ങള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു രാജു എബ്രഹാം കഴിഞ്ഞ ദിവസം പറഞ്ഞത്.
'നിലവിലുള്ള അഞ്ച് സ്ഥാനാര്‍ത്ഥികളും മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുകയാണ്. വീണാ ജോര്‍ജ് ലോകശ്രദ്ധ നേടിയിരിക്കുന്നയാളാണ്. വീണ്ടും മത്സരിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയാണെങ്കില്‍ ഇരുകൈയ്യും നീട്ടി വീണാ ജോര്‍ജിനെ സ്വീകരിക്കും. തീര്‍ച്ചയായും വീണാ ജോര്‍ജ് മത്സരിക്കും. മത്സരിച്ചാല്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. ജനീഷ് കുമാര്‍ തന്നെ വീണ്ടും വരണമെന്ന നിലയില്‍ കോന്നിയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നു. ജനവികാരമാണ് ഇടതുമുന്നണി പരിഗണിക്കുക. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചാല്‍ കോന്നിയില്‍ ജനീഷ് കുമാര്‍ വീണ്ടും എംഎല്‍എയാണ്', എന്നായിരുന്നു രാജു എബ്രഹാം പറഞ്ഞത്.















































































