മുംബൈ: തായ്‌ലൻഡിൽ നിന്ന് 16 ജീവനുള്ള വിദേശ പാമ്പുകളെ കടത്താൻ ശ്രമിച്ച ചെന്നൈ സ്വദേശിയെ അറസ്റ്റ് ചെയ്ത് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ. ഈ മാസം വിമാനത്താവളത്തിൽ നടക്കുന്ന മൂന്നാമത്തെ വലിയ വന്യജീവി കടത്ത് കേസാണിത്. ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത പാമ്പുകളിൽ രണ്ട് കെനിയൻ സാൻഡ് ബോവകൾ, മൂന്ന് ആൽബിനോ പാമ്പുകൾ, ഒരു കാലിഫോർണിയൻ കിംഗ്‌സ്നേക്ക്, രണ്ട് ഗാർട്ടർ പാമ്പുകൾ എന്നിവയും ഉണ്ടായിരുന്നു.
ബാങ്കോക്കിൽ നിന്നുള്ള വിമാനത്തിൽ എത്തിയ ചെന്നൈയിൽ നിന്നുള്ള 34 കാരനായ ഗുഡ്മാൻ ലിൻഫോർഡ് ലിയോ എന്ന യാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ പാമ്പുകളെ കണ്ടെത്തിയത്. എന്നാൽ ഇയാൾ കടത്താൻ ശ്രമിച്ച പാമ്പുകൾ വിഷം ഉള്ളവയല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം വിദേശ വന്യജീവികളെ നിയമവിരുദ്ധമായി കടത്തിയതിന് കസ്റ്റംസ് ആക്ട് പ്രകാരമാണ് ലിയോയെ അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പുകളെ തായ്‌ലൻഡിലേക്ക് തിരിച്ചയയ്ക്കുന്നതിന് അധികൃതർ ഇപ്പോൾ വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുമായി പ്രവർത്തിച്ചുവരികയാണ്.