റായ്പുര്‍ : ഏകദിന ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്കു പകരമാവില്ലെങ്കിലും ഇന്ത്യക്ക് ആശ്വാസമായി ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേട്ടം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1 എന്ന നിലയിലാണ് പരമ്പര ഉറപ്പിച്ചത്. നാലാം പോരില്‍ ഇന്ത്യ 20 റണ്‍സിന്റെ വിജയം പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയയുടെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സില്‍ അവസാനിച്ചു.
നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ അക്ഷര്‍ പട്ടേലിന്റെ ബൗളിങാണ് ഇന്ത്യക്ക് ജയമൊരുക്കുന്നതില്‍ നിര്‍ണായകമായത്. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത രവി ബിഷ്‌ണോയിയുടെ ബൗളിങും ഓസീസിനെ വെട്ടിലാക്കി. ദീപക് ചഹര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ആവേശ് ഖാന്‍ ഒരു വിക്കറ്റെടുത്തു.












































































