പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ ഉൾക്കൊള്ളുന്ന ആറന്മുള നിയമസഭ മണ്ഡലം ഇത്തവണ സംസ്ഥാന രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. എൽഡിഎഫിന്റെ സിറ്റിംഗ് എം.എൽ.എയും ആരോഗ്യ മന്ത്രിയുമായ വീണ ജോർജ് , യുഡിഎഫിന്റെ യുവമുഖം അബിൻ വർക്കി കൊടിയേറ്റ് , എൻഡിഎയുടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ എന്നിവർ തമ്മിലുള്ള ത്രികോൺ പോരാട്ടം കടുത്ത മത്സരമായി മാറിയിരിക്കുകയാണ്.
"ആറന്മുള വിട്ടുകൊടുക്കില്ല" എന്ന നിലപാടുമായി വീണ ജോർജ്ജ് രംഗത്തെത്തുമ്പോൾ, "പിടിച്ചെടുക്കാനാണ് വന്നത്" എന്ന ആത്മവിശ്വാസത്തിലാണ് അബിൻ വർക്കി. അതേസമയം "കാത്തിരുന്നു കാണാം" എന്ന നിലപാടിലാണ് കുമ്മനം രാജശേഖരൻ. മൂന്ന് മുന്നണികളും ശക്തമായി രംഗത്തിറങ്ങിയതോടെ മണ്ഡലം അതീവ ആവേശകരമായ പോരാട്ടഭൂമിയായി.
പരമ്പരാഗതമായി കോൺഗ്രസിന് അനുകൂലമായിരുന്ന മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വീണ ജോർജ്ജ് വിജയം നേടിയിരുന്നു. മുൻ എം.എൽ.എ കെ . ശിവദാസൻ നായർ നെ പരാജയപ്പെടുത്തിയാണ് അവർ ആദ്യമായി നിയമസഭയിലെത്തിയത്. 2021-ൽ വീണ്ടും വിജയിച്ച അവർ നിലവിൽ രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയാണ്.
ഇത്തവണ യുഡിഎഫ്, സഭാധിഷ്ഠിത വോട്ടുകൾ ലക്ഷ്യമിട്ട് അതേ ഓർത്തഡോക്സ് പശ്ചാത്തലമുള്ള യുവ നേതാവായ അബിൻ വർക്കിയെ സ്ഥാനാർഥിയാക്കിയതാണ് ശ്രദ്ധേയമായ നീക്കം. യുവജനങ്ങളിൽ സ്വാധീനമുള്ള നേതാവെന്ന നിലയിൽ അബിൻ ഇതിനകം മണ്ഡലത്തിൽ സജീവമായിട്ടുണ്ട്.
അതേസമയം എൻഡിഎ, പരിചയസമ്പന്നനായ കുമ്മനം രാജശേഖരനെ രംഗത്തിറക്കിയതിലൂടെ മത്സരത്തെ കൂടുതൽ ശക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷനായും മിസോറാം ഗവർണറായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിചയം എൻഡിഎയ്ക്ക് കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു.
മൂന്നു മുന്നണികളും ശക്തമായി ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ ആറന്മുളയിൽ വിജയം ആരെ തേടിയെത്തും എന്നത് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ തന്നെ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിൽ ഒന്നായി ആറന്മുള മാറിയിരിക്കുകയാണ്.













































































