തിരുവനന്തപുരം: മദ്രസയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂന്തുറ വള്ളക്കടവ് വലിയവിളാകം വീട്ടില്‍ നസറുദ്ദീന്റെയും റഹ്മത്ത് ബീവയുടെയും മകള്‍ അസ്മിദ മോളാണ് (17) മരിച്ചത്. ബാലരാമപുരം ഇടമനക്കുഴിയില്‍ ഗ്രീന്‍ഡം സ്കൂളിന് സമീപം അല്‍ അമന് മദ്രസയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇവിടെ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിദ.
തന്നെ കൂട്ടി കൊണ്ടുപോകണമെന്ന് തലേദിവസം മകള്‍ അറിയിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് നാലോടെ ഉമ്മ മദ്രസയില്‍ എത്തിയിരുന്നു. കുട്ടി ബാത്ത് റൂമിലാണെന്ന് അധികൃതര്‍ ആദ്യം അറിയിച്ചു. ഏറെനേരം കാത്തു നിന്നിട്ടും വന്നില്ല. കൂട്ടുകാരികള്‍ അസ്മിദയെ വിളിക്കാന്‍ പോയെങ്കിലും കണ്ടില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബാത്ത് റൂമിനോട് ചേര്‍ന്നുള്ള ലൈബ്രറി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വിവരമറിയിച്ചതിനെ തുടര്‍ന്ന് ബാലരാമപുരം പൊലീസ് എത്തി. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി.