അനുവാദം ഇല്ലാതെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടി ഐശ്വര്യ റായ് ദില്ലി ഹൈക്കോടതിയില്‍. വ്യക്തിപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ ഹര്‍ജി നൽകി. അനുവാദമില്ലാതെ ചിത്രങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നും നടിയുടെ ഹർജിയിൽ പറയുന്നു.
ഐശ്വര്യ റായിയുടെ പബ്ലിസിറ്റി, വ്യക്തിത്വ അവകാശങ്ങൾ എന്നിവ നടപ്പാക്കാനാണ് ഹർജി നൽകിയതെന്ന് നടിയുടെ അഭിഭാഷകൻ സന്ദീപ് സേഥി കോടതിയെ അറിയിച്ചു. വിവിധ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും അനുമതിയില്ലാതെ നടിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അനാവശ്യമായി നടിയുടെ ഫോട്ടോകൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ യുആര്‍എല്ലുകൾ നീക്കം ചെയ്യാൻ ഗൂഗിളിനോട് നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനധികൃതമായി നടിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുക്കുമെന്ന് ഹൈക്കോടതി സൂചിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ ഉത്തരവുകൾ പിന്നീട് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.