മതനിരപേക്ഷതയുടെ കരുത്തുറ്റതുരുത്തായി കേരളം നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ശ്രീനാരായണഗുരു പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു ജാതിക്കതീതമായി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളാണ് കേരളം ഇന്നും പിന്തുടരുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ശാന്തിക്കും സമാധാനത്തിനും ഗുരുവിനോട് കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരു പ്രതിമയുടെ ശില്പി ഉണ്ണി കാനായിയെ ചടങ്ങില്‍ അദ്ദേഹം ആദരിച്ചു.
മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, എം. മുകേഷ് എം.എല്‍.എ, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമി, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ആശ്രമം വാര്‍ഡ് കൗണ്‍സിലര്‍ കുരുവിള ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.














































































