തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഐ എ എസ് ഇന്ന് വിരമിക്കും. 27 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിന് ശേഷമാണ് വിരമിക്കുന്നത്. സഹപ്രവർത്തകർക്കൊപ്പം ലളിതമായ യാത്രയയപ്പ് ചടങ്ങായിരിക്കും ഉണ്ടാകുക. ശിവശങ്കർ വിരമിക്കുന്നതോടെ വകുപ്പുകളുടെ ചുമതല പ്രണബ് ജ്യോതിനാഥിന് സർക്കാർ നൽകി. ഡെപ്യൂട്ടി കളക്ടറായി സർവീസിൽ പ്രവേശിച്ച ശിവശങ്കർ 1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി പദവിയിൽ എത്തി. 2019ൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം. മികച്ച ഉദ്യോഗസ്ഥനായി തിളങ്ങുമ്പോഴാണ് സ്വർണ്ണക്കടത്ത് ആരോപണം അദ്ദേഹത്തിന് മേൽ ഉണ്ടായത്. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ പ്രതിയായി 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു അദ്ദേഹം. സ്പ്രിംക്ലർ, ലൈഫ് മിഷൻ വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ.

തുടർന്ന് 2020 ജൂലായ് ഒന്നിന് സർക്കാർ
ശിവശങ്കറിനെ സസ്പെൻഡ് ചെയ്തു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിക്ക് അനധികൃത നിയമനം
നൽകാൻ ഇടപെട്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ. 2020 ഒക്ടോബർ
28നാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ്.ഡെപ്യൂട്ടി കളക്ടർ, കളക്ടർ, ടൂറിസം ഡയറക്ടർ, പൊതു വിദ്യാഭ്യാസ
ഡയറക്ടർ, വൈദ്യുതി ബോർഡ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നേരത്തെ ശിവശങ്കർ
സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും കോടതിയിൽ കേസുള്ളതിനാൽ അനുമതി
ലഭിച്ചിരുന്നില്ല. വിരമിക്കുന്ന ദിവസവും ലൈഫ് മിഷൻ കേസിൽ ചോദ്യംചെയ്യലിനെത്താൻ
ശിവശങ്കറിന് ഇ ഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ ഇന്ന്
വരാൻ സാധിക്കില്ലെന്ന് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റിനെ ശിവശങ്കർ അറിയിച്ചു. ചോദ്യം ചെയ്യലിന്
മറ്റൊരു ദിവസം അനുവദിക്കണമെന്നും ഇന്നലെ ശിവശങ്കർ അഭ്യർത്ഥിച്ചിരുന്നു.