കോഴിക്കോട് മൂന്നര വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു ഗുരുതര പരുക്ക്. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല – ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയ്ക്കാണ് പരുക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസംവൈകീട്ട് 5.45 ഓടെയാണ് അപകടം ഉണ്ടായത്.
ചെവിയിലും കഴുത്തിലും തലയിലും ആഴത്തിൽ മുറിവേറ്റു.നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ നായയുടെ ആക്രമണത്തിൽ നിന്ന് ഏറെ പ്രയാസപ്പെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ചെവി കടിച്ച് മുറിക്കുകയും വീണ്ടും കഴുത്തിലും തലയിലും കടിക്കുകയായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.