തിരുനാവായ നിളാമണപ്പുറത്തു നടക്കുന്ന മഹാമാഘ മഹോത്സവം ചൊവ്വാഴ്ച രാത്രിയോടെ സമാപിക്കും. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്. സമാപനദിനത്തിലെ മാഘമകം അമൃതസ്‌നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടില്‍ നടക്കും. സന്ന്യാസി മാരും ഭക്തരുമെല്ലാം ചേർന്ന് നടത്തുന്ന അമൃതസ്നാനം മാഘമഹോത്സവത്തിന്റെ പ്രധാനചടങ്ങാണ്. വിശ്വാസികള്‍ സന്ന്യാസിമാർക്ക് ഭക്ഷണവും വസ്ത്രവും ദക്ഷിണയും സമർപ്പിക്കുന്ന ഭണ്ഡാര' എന്ന ചടങ്ങിനുശേഷം പങ്കെടുക്കുന്ന മുഴുവൻ പേർക്കും അന്നപ്രസാദം നല്‍കും. സന്ധ്യക്കുള്ള നിളാ ആരതിയോടെ മഹാമാഘമഹോത്സവം സമാപിക്കും.
മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്‌നാനത്തില്‍ നാഗസന്യാസിവര്യന്മാര്‍ ഉള്‍പ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. ഹിന്ദു പുരാണപരമ്പരകളനുസരിച്ച്, അമൃതസ്‌നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ഈ ദിവ്യയോഗത്തില്‍ നടത്തുന്ന പുണ്യസ്‌നാനം പാപമുക്തി നല്‍കുകയും ജന്മമരണചക്രത്തില്‍ നിന്നുള്ള മോചനത്തിന് വഴിയൊരുക്കുകയും ആത്മീയ ഉണര്‍വിലേക്കുള്ള യാത്ര സഫലമാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.














































































