തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പർ ശ്രീജയുടെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം. ശ്രീജയുടെ മരണം സംബന്ധിച്ച കേസിലെ പൊലീസ് അനാസ്ഥ കാണിച്ചാകും പരാതി നൽകുക. കേസ് അന്വേഷണം പൊലീസ് അട്ടിമറിക്കുന്നു എന്ന ആരോപണവും കുടുംബം ഉയർത്തുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തും.
ശ്രീജ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. 26-ന് രാവിലെയാണ് ശ്രീജയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺമക്കളുടെ വിവാഹ ആവശ്യത്തിന് പലരിൽ നിന്നായി വാങ്ങിയ 20 ലക്ഷത്തോളം രൂപയുടെ കടം ശ്രീജയ്ക്ക് ഉണ്ടായിരുന്നു. കെഎസ്എഫ്ഇയിൽ നിന്ന് ലോൺ എടുത്ത് കടം വീട്ടാൻ കുടുംബം തീരുമാനിച്ചിരുന്നു.
എന്നാൽ കോൺഗ്രസ് വാർഡ്‌മെമ്പറായ ശ്രീജയെ ഈ കടത്തിന്റെ പേര് പറഞ്ഞ് സിപിഐഎം പണം തട്ടിപ്പ് കാരിയായി ചിത്രീകരിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നുമായിരുന്നു ഉയർന്ന ആരോപണം. ശ്രീജയ്‌ക്കെതിരെ ആര്യനാട് ജംഗ്ഷനിൽ വച്ച് സിപിഐഎം പ്രതിഷേധ യോഗം നടത്തിയിരുന്നു. ഇതിൽ മനം നൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നും ആരോപണമുണ്ടായിരുന്നു.
ശ്രീജയുടെ മരണത്തിന് ഉത്തരവാദികളായ പഞ്ചായത്ത് പ്രസിഡന്റ് വിജുമോഹനടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട പ്രവർത്തകർ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിപ്പിച്ചാണ് പ്രതിഷേധം നടത്തിയത്.
ശ്രീജ സിപിഐഎം വേട്ടയാടലിന്റെ ഇരയാണെന്ന് പ്രതിപക്ഷ നോതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. സ്ത്രീകളെ വേട്ടയാടുന്ന പാര്‍ട്ടിയായും സാമ്പത്തിക ബാധ്യതയുള്ളവരെ അപമാനിക്കാന്‍ വേണ്ടി പൊതുയോഗം നടത്തുന്ന പാര്‍ട്ടിയായും സിപിഐഎം മാറിയെന്ന് വി ഡി സതീശന്‍ പറഞ്ഞു.
സ്ത്രീ സംരക്ഷകര്‍ എന്ന് പ്രഖ്യാപിക്കുന്ന സിപിഐഎമ്മുകാര്‍ തന്നെയാണ് ശ്രീജയുടെ മരണത്തിന് ഉത്തരവാദിയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍ ആരോപിച്ചിരുന്നു. ഒരു വഴിമുന്നില്‍ത്തെളിഞ്ഞ് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ശ്രീജ തുടങ്ങുമ്പോഴാണ് ഇല്ലാക്കഥകള്‍ പറഞ്ഞ് സിപിഐഎം അവരെ തേജോവധം ചെയ്തതെന്നും കെ എസ് ശബരീനാഥന്‍ ആരോപിച്ചു.