സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയില്‍ കേന്ദ്രം കുറവുവരുത്തിയതുകൊണ്ടുണ്ടായ 21,000 കോടി രൂപയുടെ കമ്മി പരിഹരിക്കാനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. 17,000 കോടി രൂപ നേരിട്ട് കടമെടുപ്പ് പരിധിയില്‍ വരുത്തിയ കുറവാണ്.
ഇതിനു പുറമേയാണ് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഎസ്ഡിപി) കണക്കാക്കുന്നതിലെ വ്യത്യാസം മൂലമുണ്ടായ 4,250 കോടി രൂപയുടെ നഷ്ടം. ജിഎസ്ഡിപി കണക്കാക്കുന്നതില്‍ 15ാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശയില്‍നിന്നു വ്യത്യസ്തമായ രീതിയാണ് കേന്ദ്രം പിന്തുടര്‍ന്നതെന്നു മന്ത്രി പറഞ്ഞു. ഇതിനു മുന്‍കാല പ്രാബല്യം കൂടി പരിഗണിച്ചാല്‍ കേരളത്തിന് ആയിരക്കണക്കിനു കോടി രൂപയുടെ നഷ്ടമുണ്ടാകാമെന്നും വ്യക്തമാക്കി.














































































