കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീ പൂർണമായി അണച്ചെന്ന് ജില്ലാ കലക്ടർ. മാലിന്യത്തിൽ നിന്ന് ഉയരുന്ന പുക നിയന്ത്രിക്കാനായിട്ടില്ല. ഇത് നിയന്ത്രണവിധേയമാക്കാനുളള നടപടികളാണ് തുടരുന്നത്. തീപിടിത്തം ഉണ്ടായി ആറാം ദിവസവും കൊച്ചിയും പരിസരപ്രദേശങ്ങളും വിഷപ്പുക കൊണ്ട് നിറയുകയാണ്. വ്യോമസേനയുടെ കൂടുതൽ ഹെലികോപ്ടറുകളെത്തിച്ച് പുക ശമിപ്പിക്കാനുളള പ്രവൃത്തി തുടരുകയാണ്. ആരോഗ്യപ്രശ്നങ്ങളുമായി നിരവധി പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്.തീ അണക്കാനുള്ള ശ്രമങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കിയപ്പോൾ പുക നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് തന്നെയാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. മാലിന്യ നിർമാർജന ചട്ടങ്ങൾ ലംഘിച്ചതിന് മലിനീകരണ നിയന്ത്രണ ബോർഡും നടപടിയെടുത്തിരുന്നു.
