പത്തനംതിട്ട: അപകടത്തില്‍ മരിച്ച കെഎസ്‌ആര്‍ടിസി പൂവാര്‍ യൂണിറ്റിലെ ഡ്രൈവര്‍ സുഗതന്റെ കുടുംബത്തിന് ഒരുകോടി രൂപയുടെ അപകട ഇന്‍ഷുറന്‍സ് തുക കൈമാറി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.
കെഎസ്‌ആര്‍ടിസി- എസ്ബിഐ സാലറി പാക്കേജിന്റെ ഭാഗമായുളള അപകട ഇന്‍ഷുറന്‍സ് തുകയാണ് മന്ത്രി ജീവനക്കാരന്റെ കുടുംബത്തിന് കൈമാറിയത്. നിങ്ങളുടെ അച്ഛന്‍ തന്നിട്ടുപോയ പണമാണ് മക്കളേ, പലരും ചോദിച്ചുവരും പക്ഷെ കൊടുക്കരുത് എന്നാണ് മന്ത്രി സുഗതന്റെ മക്കളായ ആര്യയോടും ആദിത്യനോടും പറഞ്ഞത്. പണം പഠനാവശ്യങ്ങള്‍ക്കും വീട് വയ്ക്കാനുമൊക്കെ ഉപയോഗിക്കണമെന്നും ഒരു രൂപ പോലും ദുരുപയോഗം ചെയ്യരുതെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു. ഒരുകോടി രൂപ ഇന്‍ഷുറന്‍സിന് പുറമേ രണ്ട് മക്കള്‍ക്കും പഠനാവശ്യങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപ വീതവും മകള്‍ക്ക് വിവാഹ സമയത്ത് അഞ്ച് ലക്ഷം രൂപയും ലഭിക്കും.
'42 പേരാണ് ഈ ഇന്‍ഷുറന്‍സ് വന്നതിന് ശേഷം മരിച്ചത്. അതില്‍ അപകട മരണമുണ്ടായത് സുഗതനും മറ്റ് മൂന്നുപേര്‍ക്കുമാണ്. അവരുടെ കുടുംബത്തിന് ഒരുകോടി രൂപ കിട്ടും. മക്കളായ ആദിത്യനും ആര്യയ്ക്കും പഠനത്തിന് 5 ലക്ഷം രൂപ വീതം കിട്ടും. മകളുടെ വിവാഹത്തിന് ഇന്‍ഷുറന്‍സ് കൂടാതെ 5 ലക്ഷം രൂപ കൂടി കിട്ടും. രണ്ടും പെണ്‍മക്കളാണെങ്കില്‍ 10 ലക്ഷം രൂപ കിട്ടും. അദ്ദേഹം വേര്‍പിരിഞ്ഞ് പോയെങ്കിലും ആ കുടുംബത്തിന് ഇനി സുരക്ഷിതമായി ജീവിക്കാം. ആ പണം നിങ്ങള്‍ സൂക്ഷിച്ച് ചിലവാക്കണം. ഈ തുകയ്ക്ക് ഇന്‍കം ടാക്‌സ് ഇല്ല. ലോട്ടറി അടിച്ചാല്‍ 36 ശതമാനം ഇന്‍കം ടാക്‌സ് ഉണ്ട്. ഈ ഒരുകോടി രൂപയും സഹോദരിയുടെ കയ്യിലിരിക്കും. നാട്ടുകാര്‍ അടുത്തുകൂടും, ബന്ധുക്കള്‍ അടുത്തുകൂടും. കൊടുക്കരുത്. കാറുവാങ്ങാം, വീടുപണിയാം എന്നൊക്കെ പറഞ്ഞ് വരും, കടം താ എന്നൊക്കെ പറഞ്ഞ് വരും. ഒരാള്‍ക്കും കടംകൊടുക്കരുത്. നിങ്ങള്‍ക്കും രണ്ട് മക്കള്‍ക്കുമല്ലാതെ ആര്‍ക്കും ഇതില്‍നിന്ന് അഞ്ച് പൈസ കൊടുക്കരുത്. ദുഷ്ടത്തരമാണെന്ന് കൂട്ടിക്കോ. കൊടുക്കരുത്. കൊടുത്താല്‍ മണ്ടത്തരമാണ്. നിങ്ങളുടെ കുടുംബത്തിന്റെ നാഥന്‍ നഷ്ടപ്പെട്ടതാണ്. ആ ആത്മാവ് നല്‍കിയ സഹായമായി ഇതിനെ കാണണം. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങള്‍ക്ക് തന്നിട്ട് പോയ സ്വത്താണത്. അത് നിങ്ങള്‍ വൃത്തിയായി വീടൊക്കെ വെച്ച് താമസിച്ചോ, പഠനാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചോ. ലോട്ടറി അടിച്ചവന്‍ പേര് പുറത്തുപറയാതെ തല ഉളളിലിട്ട് നടക്കുന്ന നാടാണ് കേരളം. നിങ്ങള്‍ക്ക് നിങ്ങളുടെ അച്ഛന്‍ തന്നിട്ട് പോയതാണ് മക്കളെ, ഇതില്‍ നിന്ന് ഒരു പൈസ ദുരുപയോഗം ചെയ്യരുത്. ഇതുകൊണ്ട് നിങ്ങളുടെ കുടുംബം രക്ഷപ്പെടണം. ആര് വന്ന് പണം ചോദിച്ചാലും ആ മന്ത്രി കൊടുക്കരുത് എന്ന് പറഞ്ഞു, ഞാന്‍ തരത്തില്ല എന്ന് പറഞ്ഞേക്കണം. അതുകൊണ്ട് കിട്ടുന്ന ശാപം ഞാന്‍ ഏറ്റുവാങ്ങിക്കോളാം': ഗണേഷ് കുമാര്‍ പറഞ്ഞു.
ഇന്ന് കെഎസ്‌ആർടിസി ചീഫ് ഓഫീസ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങിലാണ് തുക കുടുംബത്തിന് കൈമാറിയത്. കെഎസ്‌ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, SBI ഉദ്യോഗസ്ഥർ, ഇൻഷുറൻസ് പ്രതിനിധികള്‍, കെഎസ്‌ആർടിസി ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ജീവനക്കാർക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളോ പ്രതിസന്ധികളോ അവരുടെ കുടുംബത്തെ തളർത്താതിരിക്കാൻ, കോര്‍പ്പറേഷന്‍ ആവിഷ്കരിച്ച 'കോർപ്പറേറ്റ് സാലറി പാക്കേജ്' ചരിത്രപരമായ ചുവടുവെപ്പായി മാറുകയാണെന്ന് കെഎസ്‌ആർടിസി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.














































































