ഛത്തീസ്ഗഡിലെ കോർബയില്‍ നടന്ന ആ സംഭവം ഒരു തിരുത്തലായി മാറുകയായിരുന്നു. ആദ്യത്തെ പോലീസ് സംഘം നിസ്സാരമായി തള്ളിക്കളഞ്ഞ, കാമുകനൊപ്പം ഒളിച്ചോടിയ കഥയായി എഴുതിത്തള്ളിയ ഒരു ഫയല്‍; നീതി തേടി ഒരുപാട് അലഞ്ഞിട്ടും ലഭിക്കാതെ, ഒടുവില്‍ നീതി ലഭിക്കുമെന്ന് പോലും അറിയാതെ മരണത്തിന് കീഴടങ്ങണ്ടി വന്ന ഒരു പിതാവിന്റെ വേദനയുടെ ബാക്കിപത്രമായി നിലകൊണ്ടു.
ഈ ഇരുട്ടിലേക്കാണ് റോബിൻസണ്‍ എന്ന ഐപിഎസ് ഓഫീസർ പ്രകാശമായി കടന്നുവന്നത്. രാഷ്ട്രീയ സമ്മർദ്ദങ്ങളോ, കേസ് അന്വേഷിക്കാനുള്ള പ്രേരണകളോ ഇല്ലാതെ, താൻ അണിഞ്ഞിരിക്കുന്ന കാക്കി വസ്ത്രത്തോട് 100% നീതി പുലർത്തിയ ഒരൊറ്റ മനുഷ്യൻ. ഒരു കുറ്റവാളി പോലും രക്ഷപ്പെടരുത് എന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം നടത്തിയ അന്വേഷണമാണ്, അഞ്ച് വർഷം മുൻപ് ഹൈവേയുടെ അടിയില്‍ കുഴിച്ചുമൂടിയ സത്യത്തെ ലോകത്തിനു മുന്നില്‍ കൊണ്ടുവന്നത്.
വർഷം 2018, ഒക്ടോബർ 21. ഛത്തീസ്ഗഡിലെ കോർബ നഗരം. പ്രമുഖ ടിവി ചാനലിലെ വാർത്താ അവതാരകയായിരുന്ന ഇരുപത്തിയഞ്ചുകാരിയായ സല്‍മ സുല്‍ത്താന. സാധാരണ ഒരു കുടുംബത്തില്‍ ജനിച്ച അവള്‍ തന്റെ ദൃഢനിച്ചയം കൊണ്ട് പഠിച്ചു വലിയ ഒരു ചാനലിലെ വാർത്ത അവതാരകയായി മാറി. എന്നത്തേയും പോലെ ജോലിക്കായി ഓഫീസിലേക്ക് പോകാൻ ബസ് കയറുമ്പോള്‍, ഇനി താനൊരിക്കലും തിരിച്ചുവരില്ലെന്ന് അവളറിഞ്ഞിരുന്നില്ല.
തന്റെ മകള്‍ എന്നും പത്തുമണിയുടെ വാർത്തയില്‍ വാർത്ത വായിക്കുന്നത് ആ മാതാപിതാക്കളും അഭിമാനത്തോടെ കാണുമായിരുന്നു. കൃത്യം പത്തുമണിയാകുമ്പോള്‍ എത്ര തിരക്കിലും അവർ മകളെ കാണാൻ ടിവിയുടെ മുമ്പില്‍ എത്തുമായിരുന്നു. പതിവുപോലെ പത്തുമണിയുടെ വാർത്തയില്‍ മകളുടെ മുഖം കാണാൻ കാത്തിരുന്ന മാതാപിതാക്കളുടെ മുന്നില്‍ പക്ഷേ, സ്ക്രീനില്‍ തെളിഞ്ഞത് അപരിചിതയായ മറ്റൊരു പെണ്‍കുട്ടിയുടെ മുഖമായിരുന്നു.
തുടർന്നുള്ള ബുള്ളറ്റിനുകളിലും മകളെ കാണാതായതോടെ ആ വൃദ്ധദമ്പതികളുടെ നെഞ്ചില്‍ ഭയം കനത്തു. ഭയം മൂലം മകളെ ഫോണ്‍ വിളിച്ചു നോക്കിയപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്, ഓഫീസില്‍ വിളിച്ചപ്പോള്‍ ഞെട്ടിക്കുന്ന മറുപടി: സല്‍മ അന്ന് ഓഫീസില്‍ എത്തിയിട്ടേയില്ല!
ഭയചകിതരായ മാതാപിതാക്കള്‍ ഉടൻ പോലീസില്‍ പരാതി നല്‍കിയെങ്കിലും, പോലീസുകാർ കേസ് നിസ്സാരമായി തള്ളിക്കളഞ്ഞു. 'കാമുകനൊപ്പം ഒളിച്ചോടിയതാകാം' എന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. എന്നാല്‍ മകളെ ജീവനുതുല്യം സ്നേഹിച്ച ആ പിതാവിന് മകളുടെ തിരോധാനത്തിന്റെ വേദന തളർത്തി.
മകളുടെ തിരിച്ചുവരവിനായി കാത്തിരിക്കാനാവാതെ അദ്ദേഹം ഒടുവില്‍ മരണത്തിന് കീഴടങ്ങി. അങ്ങനെ അഞ്ച് വർഷം കടന്നുപോയി. നീതി നിഷേധിക്കപ്പെട്ട്, ഒരു ഫയലായി ആ കേസ് പോലീസ് സ്റ്റേഷനിലെ 'തെളിയിക്കപ്പെടാത്ത കേസുകളുടെ' അറയില്‍ പൊടിപിടിച്ചു കിടന്നു. ആർക്കും കണ്ടെത്താനാവാത്ത ഒരു ഇരുട്ടിലേക്ക് സല്‍മയുടെ ഓർമ്മകള്‍ മാഞ്ഞുപോയെന്ന് എല്ലാവരും കരുതി.
വർഷം 2023, മെയ് മാസം. സ്റ്റേഷനില്‍ പുതിയതായി ചാർജെടുത്ത ഐപിഎസ് ഉദ്യോഗസ്ഥനായ റോബിൻസണ്‍ എന്ന സത്യസന്ധനായ ഓഫീസറുടെ മുന്നിലേക്ക് ആ പഴയ ഫയല്‍ എത്തി. കേവലം തിരോധാനമായി എഴുതിത്തള്ളിയ ആ ഫയല്‍ തുറന്നപ്പോള്‍, അതിലൊരു ദുരൂഹതയുടെ മണം ആ ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞു.
അന്വേഷണം പുനരാരംഭിച്ചു. സല്‍മയുടെ കോള്‍ റെക്കോർഡുകള്‍ അരിച്ചുപെറുക്കിയ പോലീസ്, മധു സാഹു എന്ന ജിം പരിശീലകനിലേക്ക് എത്തിച്ചേർന്നു. സല്‍മയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആയ അതേ നിമിഷം, അതേ ടവർ ലൊക്കേഷനില്‍ മധു സാഹുവും ഉണ്ടായിരുന്നുവെന്ന നിർണ്ണായകമായ കണ്ടെത്തലോടെ പോലീസ് മധുവിനെ കസ്റ്റഡിയിലെടുത്തു.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ മധു പതറി. ഒടുവില്‍, അഞ്ച് വർഷം മൂടിവെച്ച ആ കൊടുംക്രൂരതയുടെ സത്യം മറനീക്കി പുറത്തുവന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മധു, സല്‍മയുമായി പ്രണയത്തിലായിരുന്നു. സ്വന്തമായി ഒരു ജിം തുടങ്ങാനായി സല്‍മ തന്റെ സമ്പാദ്യമായ ഏഴു ലക്ഷം രൂപ വായ്പയെടുത്ത് മധുവിന് നല്‍കിയിരുന്നു.
എന്നാല്‍, തന്നെ വിവാഹം കഴിക്കണമെന്ന് സല്‍മ നിർബന്ധം പിടിക്കുകയും, അല്ലെങ്കില്‍ എല്ലാം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ മധു അവളെ ഒഴിവാക്കാൻ തീരുമാനിച്ചു. അന്ന് രാവിലെ ഓഫീസിലേക്ക് പോവുകയായിരുന്ന സല്‍മയെ, മധുവും രണ്ട് കൂട്ടുകാരും ചേർന്ന് കാറില്‍ കയറ്റി. വഴക്കിനിടെ കാറിനുള്ളില്‍ വെച്ച് ഒരു കയർ ഉപയോഗിച്ച് മധു അവളുടെ കഴുത്ത് ഞെരിച്ചു.
കൊലപാതകത്തിനു ശേഷം, പിടഞ്ഞുതീർന്ന സല്‍മയുടെ മൃതദേഹവുമായി അവർ നേരെ പോയത് കോർബ-ദാരി റോഡിലെ നിർമ്മാണം നടക്കുന്ന സ്ഥലത്തേക്കായിരുന്നു. റോഡ് പണിക്കായി മണ്ണുമാന്തിയിട്ടിരുന്ന ഒരു കുഴിയില്‍ അവർ മൃതദേഹം ഇട്ടു, മുകളിലൂടെ മണ്ണും കല്ലും നിരത്തി. ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ ടാറിംഗ് നടന്നു. സല്‍മയുടെ ശരീരം ഒരു നാലുവരി ഹൈവേയുടെ അടിയില്‍ എന്നെന്നേക്കുമായി ഉറങ്ങി.
ഈ ഞെട്ടിക്കുന്ന കുറ്റസമ്മതം കേട്ട് പോലീസ് പകച്ചു. അഞ്ച് വർഷം പഴക്കമുള്ള, ഇപ്പോള്‍ തിരക്കിട്ട ഹൈവേ ആയി മാറിയ ഒരിടത്ത് നിന്ന് എങ്ങനെ മൃതദേഹം കണ്ടെത്തും? റോബിൻസണ്‍ ഐപിഎസ് അവിടെയാണ് തന്റെ ബുദ്ധി പ്രയോഗിച്ചത്. കോടതിയുടെ പ്രത്യേക അനുമതിയോടെ അദ്ദേഹം 'തെർമല്‍ റഡാർ 3D സ്കാനിംഗ്' എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചു.
ഹൈവേയുടെ പല ഭാഗങ്ങളില്‍ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തി. ഒടുവില്‍, ഒരിടത്ത് സ്കാനർ ബീപ് ശബ്ദം പുറപ്പെടുവിച്ചു! മണ്ണുമാന്തി യന്ത്രങ്ങള്‍ താഴ്ന്നു. പത്തടി താഴ്ചയില്‍, മണ്ണിനടിയില്‍ നിന്ന് ഒരു അസ്ഥികൂടം തെളിഞ്ഞുവന്നു. കൂടെ സല്‍മയുടെ ബാഗും ചെരുപ്പും. ഡിഎൻഎ പരിശോധനയില്‍ അത് സല്‍മ തന്നെയാണെന്ന് സ്ഥിരീകരിച്ചു.
കോണ്‍ക്രീറ്റിനും ടാറിനും അടിയില്‍ സത്യത്തെ കുഴിച്ചുമൂടാൻ ശ്രമിച്ച മധു സാഹുവും കൂട്ടാളികളും ഒടുവില്‍ നിയമത്തിന് മുന്നില്‍ കുടുങ്ങി. നീതിക്കായി കാത്തുനില്‍ക്കാതെ സല്‍മയുടെ പിതാവ് യാത്രയായിരുന്നുവെങ്കിലും, അഞ്ച് വർഷങ്ങള്‍ക്ക് ശേഷം, റോബിൻസണ്‍ ഐപിഎസ് എന്ന സമർത്ഥനായ ഓഫീസറുടെ കഠിനാധ്വാനം കാരണം ആ ഹൈവേയുടെ അടിയില്‍ നിന്ന് സല്‍മയുടെ ആത്മാവ് നീതി ഏറ്റുവാങ്ങി.
ഈ ഒരു സംഭവത്തില്‍ പോലീസിന്റെ രണ്ട് മുഖങ്ങള്‍ നമ്മുക്ക് കാണാനാകും. ഒരാള്‍ക്ക് ജോലി ചെയ്യാനുള്ള മടി, അത് ഒരു കുടുംബത്തെ അഞ്ച് വർഷം ഇരുട്ടിലാക്കി. മറ്റൊരാള്‍, തന്റെ കടമ എന്താണെന്ന് മനസ്സിലാക്കി, ജനങ്ങള്‍ക്കുവേണ്ടി ഇറങ്ങിത്തിരിച്ചു. ഒരു ഉദ്യോഗസ്ഥന്റെ ആത്മാർത്ഥമായ പരിശ്രമം ഒരു കുടുംബത്തിന് നീതിയുടെ വെളിച്ചം നല്‍കി. അതുകൊണ്ടുതന്നെ, ഇദ്ദേഹം ചെയ്തത് ഏതൊരു പോലീസുകാരനും മാതൃകയാക്കാവുന്ന, ശരിക്കും കൈയടി അർഹിക്കുന്ന ഒരു കാര്യമാകുന്നത്.















































































