എരുമേലി : കെ.എസ്.ആര്‍.ടി.സി ബസ് ഓപ്പറേറ്റിങ് സെന്ററും, സ്‌റ്റാന്‍ഡും പ്രവര്‍ത്തിക്കുന്ന സ്‌ഥലം മൂന്ന് മാസത്തിനുള്ളില്‍ ഉടമസ്‌ഥര്‍ക്ക് ഒഴിഞ്ഞു നല്‍കണമെന്ന് പാലാ സബ് കോടതി ഉത്തരവിട്ടു. ചിറക്കടവ് വൃന്ദാവന്‍ വീട്ടില്‍ ഗോപി രാജഗോപാലും മക്കളും നല്‍കിയ ഹര്‍ജിയിലാണു സബ് ജഡ്‌ജ് രാജശ്രീ രാജഗോപാലിന്റെ ഉത്തരവ്. കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡ് സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്തിന്റെ യഥാര്‍ത്ഥ ഉടമ എരുമേലി വികസനസമിതി മുന്‍ പ്രസിഡന്റും പരേതനുമായ അഡ്വ. പി. ആര്‍, രാജഗോപാല്‍ ആണെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ ഗോപി രാജഗോപാല്‍ തെളിവുകള്‍ ഹാജരാക്കി കോടതിയില്‍ അറിയിച്ചു.
എരുമേലി ധര്‍മശാസ്‌താ ക്ഷേത്രത്തിനു സമീപത്തുള്ള 50 സെന്റിലാണ് 25 സര്‍വീസുകളും 130 ജീവനക്കാരുമുള്ള ഓപ്പറേറ്റിങ് സെന്ററിന്റെ പ്രവര്‍ത്തനം. ശബരിമലയിലേക്കു പോകാനുള്ളവര്‍ ഇവിടെയാണ് ബസ് ഇറങ്ങുന്നത്. ഓഫിസ്, ടിക്കറ്റ് - കാഷ് കൗണ്ടര്‍, യാത്രക്കാര്‍ക്കുള്ള വിശ്രമകേന്ദ്രം, ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമുള്ള ശുചിമുറികള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കോടതി ഉത്തരവ് വന്നതോടെ സ്‌ഥലത്തിന് വാടക വാങ്ങിക്കൊണ്ടിരുന്ന ദേവസ്വം ബോര്‍ഡും സ്‌ഥലം കൈവശം വെച്ചിരിക്കുന്ന കെ.എസ്.ആര്‍.ടി.സി.യും സ്‌ഥലത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ കെട്ടിടം നിര്‍മിച്ചു കൊടുത്ത എരുമേലി പഞ്ചായത്തും വെട്ടിലായിരിക്കുകയാണ്.
സംസ്ഥാനത്ത് ജനങ്ങള്‍ നിര്‍മിച്ച ആദ്യ കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിങ്ങ് സെന്റര്‍ ആണ് എരുമേലിയിലേത്. ഇടയ്‌ക്ക് നഷ്‌ടം മൂലം അധികൃതര്‍ പൂട്ടിയപ്പോള്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ദിവസങ്ങളോളം സത്യാഗ്രഹ സമരം നടത്തി സെന്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഏതാനും വര്‍ഷം മുമ്പും സെന്റര്‍ നിര്‍ത്താന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. പഞ്ചായത്ത് അംഗങ്ങള്‍ ചേര്‍ന്നാണ് ഈ ശ്രമം തടഞ്ഞത്.
1998 നവംബര്‍ 28 നാണ് സെന്റര്‍ ആരംഭിച്ചത്. ഇതിനായി നേതൃത്വം നല്‍കിയ പൊതു പ്രവര്‍ത്തകരില്‍ ടിപി തൊമ്മി, ജോബ്‌കുട്ടി ഡൊമിനിക് എന്‍ ബി ഉണ്ണികൃഷ്‌ണന്‍, അഡ്വ അനന്തന്‍, ബഷീര്‍ കറുകഞ്ചേരി എന്നിവര്‍ ഇന്ന് ജീവനോടെയില്ല. ഇവര്‍ക്കൊപ്പം പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന വി പി സുഗതന്‍, സഖറിയ ഡൊമിനിക് ചെമ്പകത്തുങ്കല്‍, പി എ സലിം, ജോസ് മടുക്കകുഴി, പി എ ഇര്‍ഷാദ്, വി എസ് ഷുക്കൂര്‍, ജോസ് പഴയതോട്ടം ,ജയേഷ് തമ്പാൻ തുടങ്ങിയവര്‍ ചേര്‍ന്നാണ് സെന്ററിന്റെ തുടക്കം യാഥാര്‍ഥ്യമാക്കിയത്. ഗതാഗത വകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റെയും മന്ത്രിയായിരുന്ന പി. ആര്‍ കുറുപ്പ് ആണ് ഉദ്‌ഘാടനം നിര്‍വഹിച്ചത്. നാട്ടുകാരുടെ സംഭാവനയും ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഇതര ഡിപ്പോകളിലെ അംഗങ്ങളില്‍ നിന്നും കൂപ്പണ്‍ പിരിച്ചു തുക സമാഹരിച്ചും കൂടിയാണ് നിര്‍മാണത്തിന് ഫണ്ട് കണ്ടെത്തിയത്. ചാണ്ടപിള്ള ആയിരുന്നു ആദ്യ ഇന്‍സ്‌പെക്‌ടര്‍ ഇന്‍ ചാര്‍ജ്.
ഗുരുവായൂരിലേക്കും വൈക്കത്തിനും ഓപ്പറേറ്റ് ചെയ്‌ത സര്‍വീസുകളായിരുന്നു ആദ്യ സര്‍വീസുകള്‍. പിന്നീട് എരുമേലി ഗുരുവായൂര്‍ ഫാസ്‌റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെ മൂന്ന് സര്‍വീസുകള്‍ ഫ്ലാഗ് ഓഫ് ചെയ്‌തു. കോവിഡ് കാലത്തിന് മുന്‍പ് 29 സര്‍വീസുകള്‍ വരെ എത്തിയ സ്‌ഥാനത്ത് ഇപ്പോള്‍ 24 ഷെഡ്യുളുകള്‍ ആണ് ഓപ്പറേറ്റ് ചെയ്യുന്നത്. 130 ഓളം ജീവനക്കാരുണ്ട്. ശബരിമല സീസണില്‍ പമ്പ സ്‌പെഷ്യല്‍ സര്‍വീസില്‍ മാത്രം ഒന്നരക്കോടി രൂപയോളം ആണ് വരുമാനം നേടിക്കൊണ്ടിരിക്കുന്നത്.