തിരുവനന്തപുരം: വിവാദ പരാമർശത്തിൽ മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലനെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എ കെ ബാലന്റെ പരാമർശം നിരുത്തരവാദപരമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെയായിരുന്നു എം വി ഗോവിന്ദൻ ബാലനെ തള്ളിയത്.
എ കെ ബാലൻ സാങ്കല്പിക ചോദ്യത്തിന് സാങ്കല്പിക ഉത്തരം നൽകുകയായിരുന്നു. പാർട്ടി അതിനെ തള്ളിക്കളയുന്നു. അതുകൊണ്ടാണ് മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ മറുപടി നൽകാതിരുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി കൈകാര്യം ചെയ്യുമെന്നായിരുന്നു എ കെ ബാലന്റെ വിവാദ പ്രസ്താവന. 'യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും. അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കും. ഒന്നാം മാറാട്, രണ്ടാം മാറാട്, തലശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്‌ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്' എന്നായിരുന്നു എ കെ ബാലൻ പറഞ്ഞത്.
എന്നാൽ ബാലനെ പിന്തുണക്കുന്നതും ന്യായീകരിക്കുന്നതുമായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനത്തിലെ പ്രതികരണം. മാറാട് ഓര്‍മ്മിപ്പിക്കുക മാത്രമാണ് എ കെ ബാലന്‍ ചെയ്തത്. ഇന്നത്തെ കേരളത്തിന്റെ അവസ്ഥയല്ല അന്ന് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
എ കെ ബാലന്റേത് ഇടതുമുന്നണിയുടെ അഭിപ്രായമല്ലെന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ പ്രതികരണം. യുഡിഎഫ് ഭരിച്ചാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഇടതുമുന്നണിയോ സിപിഐഎമ്മോ പറഞ്ഞിട്ടില്ല. എ കെ ബാലൻ ചില കാൽക്കുലേഷനുകൾക്ക് പുറത്ത് പറഞ്ഞതായിരിക്കാം. ഞങ്ങൾ അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടില്ല. യുഡിഎഫ് അധികാരത്തിൽ പോലും വരില്ല, പിന്നയല്ലേ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഏൽക്കുന്ന പ്രശ്‌നം വരുന്നതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞിരുന്നു. വിഷയത്തിൽ യുഡിഎഫ് നേതാക്കൾ ബാലനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എ കെ ബാലന് ജമാഅത്തെ ഇസ്‌ലാമി നോട്ടീസ് അയച്ചിരുന്നു. ഒരാഴ്ചക്കകം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കുമെന്നും ഒരു കോടി രൂപ നഷ്ട പരിഹാരവും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടിട്ടുണ്ട്.














































































