അമ്പലപ്പുഴ പുറക്കാട് യുവാവ് കടലിൽ ചാടി മരിച്ചു. വെൺമണി സ്വദേശി ഉജ്വൽ(26) ആണ് പുറക്കാട് കടലിൽ ചാടി മരിച്ചത്. ഒരു പെൺകുട്ടിയുമായി ഇന്ന് രാവിലെ എട്ടരയോടെയാണ് യുവാവ് പുറക്കാട് കടൽത്തീരത്ത് എത്തിയത്. ഈ പെൺകുട്ടിയെ കാണാനില്ല.
ഇരുവരും സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മറ്റൊരു കടയിൽ നിന്ന് പേന വാങ്ങി കടൽത്തീരത്തേക്ക് നീങ്ങുകയായിരുന്നു. ഇവിടെ മത്സ്യ ബന്ധനം നടത്തിയ മത്സ്യത്തൊഴിലാളികളാണ് രാവിലെ പത്തരയോടെ യുവാവിൻ്റെ മൃതദേഹം കണ്ടത്.
വിവരമറിയിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം യുവാവിൻ്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവർ വന്ന സ്കൂട്ടറിൽ നിന്ന് ഓഫാക്കിയ നിലയിൽ യുവാവിൻ്റെ മൊബൈൽ ഫോൺ കണ്ടെടുത്തു.












































































