കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനം ഇന്ന് കൊച്ചിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വ്യവസായ വകുപ്പിൻ്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സംരംഭങ്ങൾ ആരംഭിച്ചവരാണ് കലൂർ രാജ്യാന്തര സ്റ്റേഡിയം മൈതാനിയിൽ ഒത്തുചേരുന്നത്. എട്ട് മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളാരംഭിച്ച കേരളത്തിൻ്റെ സംരംഭക വർഷം പദ്ധതി ദേശീയ അംഗീകാരം നേടിയിരുന്നു.

സംസ്ഥാന ചീഫ്
സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി
തെരഞ്ഞെടുക്കപ്പെട്ട സംരംഭക വർഷം പദ്ധതിയിലൂടെ ഇതുവരെയായി ഒരു ലക്ഷത്തി
ഇരുപത്തിരണ്ടായിരത്തി എൺപത് സംരംഭങ്ങളും 7462.92 കോടിയുടെ
നിക്ഷേപവും 2,63,385 തൊഴിലും ഉണ്ടായതായാണ് സർക്കാർ കണക്ക്.സംരംഭകർക്ക്
പറയാനുള്ളത് കേൾക്കാനും അവരുടെ പദ്ധതികളുടെ വിപുലീകരണത്തിന് ആവശ്യമായ സഹായം ലഭ്യമാക്കാനുമാണ് സംരംഭക സംഗമം
ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിൻ്റെ ഭാഗമായാണ് സംഗമം. ജനപ്രതിനിധികൾക്ക് പുറമെ വ്യവസായ വാണിജ്യ സംഘടനകളുടെ ഭാരവാഹികളും പ്രമുഖ സംരംഭകരും സംഗമത്തിൽ
പങ്കെടുക്കും.