ഹോങ്കോങ്: ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കടലില്‍ വീണ് രണ്ട് പേർ മരിച്ചു. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം പുലർച്ചെ 3:50 ഓടെയാണ് അപകടം. എസിടി എയർലൈൻസിന്‍റെ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് എമിറേറ്റ്സ് അറിയിച്ചു.
ദുബൈയില്‍ നിന്ന് വന്ന ചരക്ക് വിമാനം ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് റണ്‍വേയില്‍നിന്ന് തെന്നിമാറി കടലില്‍ പതിച്ചത്. ബോയിങ് 747 ചരക്ക് വിമാനം വിമാനത്താവളത്തിന്‍റെ ഭിത്തിക്കരികെ കടലില്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ചിത്രം പുറത്തുവന്നു. വിമാനത്തിന്റെ നോസ്, ടെയില്‍ എന്നിവ വേർപെട്ട നിലയിലാണ്.
വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും രക്ഷപ്പെടുത്തിയെന്ന് ഹോങ്കോങ് വിമാനത്താവളം പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം റണ്‍വേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഗ്രൗണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ വിമാനം പതിച്ചതിനെ തുടർന്ന് മരിച്ചതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വിമാനം ഇറങ്ങുന്നതിനിടെ വടക്കു ഭാഗത്ത് റണ്‍വേയില്‍നിന്ന് തെന്നിമാറി കടലിലേക്ക് പതിക്കുകയായിരുന്നുവെന്ന് ഹോങ്കോങിലെ വ്യോമയാന വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു. ദുബൈയിലെ എമിറേറ്റ്‌സ് എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് ഇകെ9788 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ്. എസിടി എയർലൈൻസില്‍ നിന്ന് വാടകയ്‌ക്കെടുത്തതും അവർ പ്രവർത്തിപ്പിച്ചിരുന്നതുമായ ബോയിങ് 747 കാർഗോ വിമാനമായിരുന്നു അതെന്നും സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണ്. വിമാനത്തില്‍ ചരക്ക് ഉണ്ടായിരുന്നില്ലെന്നും എമിറേറ്റ്‌സ് അറിയിച്ചു.
അപകടത്തില്‍പ്പെട്ട വിമാനത്തിന് 32 വർഷം പഴക്കമുണ്ടെന്നും അത് ചരക്ക് വിമാനമാകും മുൻപ് യാത്രാ വിമാനമായിരുന്നുവെന്നും ഫ്ലൈറ്റ് ട്രാക്കിംഗ് സേവനമായ ഫ്ലൈറ്റ് റഡാർ24 പറഞ്ഞു. സംഭവം നഗരത്തിലെ എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ഹോങ്കോങ്ങിലെ സിവില്‍ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ കാർഗോ വിമാനത്താവളങ്ങളിലൊന്നായ ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വടക്കൻ റണ്‍വേ അപകടത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. അതേസമയം തെക്ക്, മധ്യ റണ്‍വേകള്‍ തുടർന്നും പ്രവർത്തിക്കുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.