കോട്ടയം: പാലായിൽ പെൺകുട്ടിയെ കാർ ഇടിച്ചു തെറിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കാർ ഓടിച്ചിരുന്ന വിമുക്തഭടനായ എസ് ബി ഐ ജീവനക്കാരനും, പൂഞ്ഞാർ തെക്കേക്കര പനച്ചിപ്പാറ സ്വദേശിയുമായ നോർബർട്ട് ജോർജ് വർക്കിയാണ് അറസ്റ്റിൽ ആയത്. പാല പോലീസ് കാർ പിടിച്ചെടുത്തു. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനാണ് പരിക്കേറ്റത്. അപകടത്തിൽ പെൺകുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. നടുറോഡിൽ സ്നേഹയെ കാർ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. പാലാ ബൈപ്പാസിനോട് ചേർന്നുള്ള ജംഗ്ഷനിൽ ആയിരുന്നു സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിർഭാഗത്ത് നിന്നു വന്ന കാർ പെൺകുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി നിലത്ത് വീണെങ്കിലും വാഹനം നിർത്താതെ പോയി. പെൺകുട്ടിയെ ആദ്യം പാലായിലെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. വൈകുന്നേരത്തോടെ ബന്ധുക്കൾ എത്തിയ ശേഷമാണ് പോലീസിൽ പരാതി നൽകിയത്.
