രാവിലെ എഴുന്നേറ്റ ഉടൻ, ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, ഭക്ഷണത്തിന് ശേഷം, കുളിക്കുന്നതിന് മുമ്പ്, രാത്രി കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാൻ ശീലിക്കണം. വെള്ളം ശരിയായ അളവിൽ ശരീരത്തിൽ എത്തിയില്ലെങ്കിൽ അത് ആരോഗ്യം ക്ഷയിക്കാൻ ഇടയാക്കും.
രാത്രി ഉടനീളം ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാൻ രാവിലെ ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചുകൊണ്ട് ആ ദിവസം ആരംഭിക്കുന്നത് ഏറ്റവും നല്ലതാണ്. ആ ദിവസം തന്നെ ഊർജ്ജ്വസ്വലമായിരിക്കും മാത്രമല്ല ദഹന വ്യവസ്ഥയ്ക്കും ഇത് ഉത്തമമാണ്. ആമാശത്തിലെ ദഹന എൻസൈമുകളെ സജീവമാക്കാനാണ് ഭക്ഷണം കഴിക്കുന്നതിന് ഒരു പതിനഞ്ച് മിനിറ്റിന് മുമ്പ് വെള്ളം കുടിക്കേണ്ടതിന്റെ കാരണം. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ മികച്ച രീതിയെന്നതിന് അപ്പുറം പോഷകങ്ങൾ ആഗീരണം ചെയ്യാൻ ഇത് സഹായിക്കുമെന്നതും പ്രാധാന്യം അർഹിക്കുന്നു. എന്നുകരുതി ചെറിയ അളവിലേ വെള്ളം കുടിക്കാൻ പാടുള്ളു. അമിതമായാൽ അത് ദഹനത്തെ താറുമാറാക്കും.
ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്ന ശീലം നല്ലതല്ലാത്തതിനാൽ ഭക്ഷണത്തിന് ശേഷം ഒരു അരമണിക്കൂറോളം വിശ്രമിച്ചതിന് പിന്നാലെ വെള്ളം കുടിക്കുക. ഇതാണ് ദഹന എൻസൈമുകളുടെ പ്രവർത്തനങ്ങൾക്ക് നല്ലത്. കുളിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ താപനിലയെ നിയന്ത്രിക്കും മാത്രമല്ല രക്തയോട്ടവും മികച്ച നിലയിലാക്കും. നിർജ്ജലീകരണം തടയാൻ നല്ല മാർഗമാണ് രാത്രി കിടക്കുന്നതിന് മുമ്പ് ചെറിയ അളവിൽ വെള്ളം കുടിക്കുന്നതത്രേ. ഇതൊക്കെ പറയുമ്പോഴും ദാഹിക്കുമ്പോൾ വെള്ളം കുടിക്കാൻ മറക്കരുത്. ആയുർവേദം പറയുന്നത് ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിച്ചാൽ മതിയെന്നാണ്. അനാവശ്യമായി വെള്ളം കുടിച്ചാൽ അത് ദഹനത്തെ ബാധിക്കും, ക്ഷീണമുണ്ടാക്കും വൃക്കകളെ തകരാറിലാക്കുകയും ചെയ്യും.